Spotlight

‘പരീക്ഷയിൽ കൂടുതൽ മാർക്ക് വേണമെങ്കിൽ ലൈംഗികമായി വഴങ്ങണം!’; ജെഎൻയു പ്രഫസർക്കെതിരെ പരാതിയുമായി 11 വിദ്യാർഥിനികൾ

ന്യൂഡൽഹി ∙ ജവഹർലാൽ നെഹ്‌റു സർ‌വകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ 11 വിദ്യാർഥിനികൾ ഒന്നിച്ച് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. കഴിഞ്ഞ മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി നൽകിയതെന്ന് സർവകലാശാലാ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെ പ്രഫസർ തങ്ങളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് വിദ്യാർഥിനികളുടെ പരാതി. തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. മേയ് രണ്ടാം വാരത്തോടെ ഇരയായ ഒരു വിദ്യാർഥിനി തനിക്കുണ്ടായ ദുരനുഭവം സഹപാഠികളുടെ അനൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

ഇതിനു പിന്നാലെയാണ് സമാനമായ അനുഭവം നേരിട്ട മറ്റ് 10 വിദ്യാർഥിനികൾ കൂടി രംഗത്തെത്തിയതും ഒന്നിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലിനെ സമീപിച്ചതും. കേസിൽ പരാതിക്കാരായ വിദ്യാർഥിനികളുടെ വിശദമായ മൊഴി സമിതി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.