Featured Health

ആത്മഹത്യാ സാദ്ധ്യത ഒരാഴ്ച മുൻപേ പ്രവചിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ഹാർവാർഡ് ശാസ്ത്രജ്ഞർ!

ആത്മഹത്യ മുൻകൂട്ടി പ്രവചിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. ഇതിനു തുനിയുന്ന ആളില്‍ ലക്ഷണങ്ങൾ പലപ്പോഴും വളരെ ചെറിയ രീതിയിലോ, പെട്ടെന്ന് ഉണ്ടാകുന്നതോ, അല്ലെങ്കിൽ സാധാരണ മാനസികാവസ്ഥയിലെ മാറ്റങ്ങളായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളതോ ആയിരിക്കും. അതുകൊണ്ടുതന്നെ ഡോക്ടർമാർക്കോ പ്രിയപ്പെട്ടവർക്കോ ഇടപെടാൻ സാധിക്കാറില്ല. എന്നാല്‍ അ​മേരിക്കക്കാരുടെ കാര്യത്തില്‍ ഒരു ശ്രദ്ധേയമായ പഠനം പറത്തുവന്നിരിക്കുന്നു.

10 മുതൽ 34 വയസ്സുവരെയുള്ള അമേരിക്കക്കാരിൽ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന ഘടകവും 35 മുതൽ 44 വയസ്സുവരെയുള്ളവരിൽ നാലാമത്തെ പ്രധാന ഘടകവുമാണ് ആത്മഹത്യ. അതിനാൽ, ആർക്കാണ് ആത്മഹത്യാ സാധ്യത കൂടുതലെന്നും അത് എപ്പോഴാണെന്നും തിരിച്ചറിയാനുള്ള മികച്ച വഴികൾ ആരോഗ്യ വിദഗ്ദ്ധർ നിരന്തരം തെരഞ്ഞുകൊണ്ടിരിക്കുകയാണ്.

നിലവിൽ ഉപയോഗിക്കുന്ന മിക്ക പരിശോധനാ രീതികളും മാസങ്ങളോ, ഒരു വർഷമോ, അല്ലെങ്കിൽ ഒരു പതിറ്റാണ്ടോ വരെയുള്ള ദീർഘകാലയളവിലെ ആത്മഹത്യാ സാധ്യതകളാണ് പ്രവചിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നുള്ള പുതിയ പഠനം വേറിട്ടൊരു കണ്ടെത്തലാണ് മുന്നോട്ടുവെക്കുന്നത്: പല ആത്മഹത്യാ ശ്രമങ്ങളും ഒരു ആഴ്ച മുൻപ് തന്നെ കൃത്യമായി പ്രവചിക്കാൻ സാധിക്കും.

ആത്മഹത്യ ചെയ്ത പകുതിയിലധികം ആളുകളും തങ്ങളുടെ അവസാന മാസത്തിൽ ഡോക്ടറെ കണ്ടിട്ടുണ്ടെന്നാണ് പഴയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ മിക്കപ്പോഴും വ്യക്തികളുടെ ഓർമ്മകളെ മാത്രം ആശ്രയിച്ചുള്ളതായിരുന്നു. ഇതിന് പകരം കൃത്യവും തത്സമയവുമായ വിവരങ്ങൾ ശേഖരിക്കാനാണ് ഹാർവാർഡിലെ മനഃശാസ്ത്ര പ്രൊഫസറും പഠനത്തിന് നേതൃത്വം നൽകിയ മാത്യു നോക്ക് ശ്രമിച്ചത്. “ആളുകളെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിടുന്നത് എന്താണെന്നും, ആത്മഹത്യാ ചിന്തകളുടെ ഏറ്റക്കുറച്ചിലുകൾ എങ്ങനെയെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന്, ആത്മഹത്യാ ചിന്തകളോ പെരുമാറ്റങ്ങളോ കാരണം ആശുപത്രിയിൽ ചികിത്സ തേടിയ 600-ലധികം മുതിർന്നവരിലും കൗമാരക്കാരിലും വർഷങ്ങളോളം അദ്ദേഹം പഠനം നടത്തി. കൗമാരക്കാരിലും മുതിർന്നവരിലും നടത്തിയ ഈ പഠനത്തിൽ, ആത്മഹത്യാ ശ്രമങ്ങൾ നടക്കാൻ സാധ്യതയുള്ള ആഴ്ചയിൽ 75% ശ്രമങ്ങളും 87% അടിയന്തര സംഭവങ്ങളും കൃത്യമായി പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചു. ആശുപത്രി വിട്ടതിന് ശേഷം രോഗികളുടെ സ്മാർട്ട്‌ഫോണുകളിലേക്ക് ദിവസവും പലതവണകളായി 20 ചോദ്യങ്ങൾ അടങ്ങിയ സർവേകൾ അയച്ചു നൽകിയാണ് വിവരങ്ങൾ ശേഖരിച്ചത്. മാനസിക അസ്വസ്ഥതകൾ, ഒറ്റപ്പെടൽ, ദേഷ്യം, ആശങ്ക, പ്രതീക്ഷയില്ലായ്മ എന്നിവയെക്കുറിച്ചാണ് വിവരങ്ങൾ രേഖപ്പെടുത്തിയത്.

പഠനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കണ്ടെത്തി: ഒരു വ്യക്തിയുടെ ഉള്ളിലെ അസ്വസ്ഥതയുടെയോ പ്രക്ഷുബ്ധതയുടെയോ (agitation) തോത് ഓരോ പോയിന്റ് ഉയരുമ്പോഴും ആത്മഹത്യാ ശ്രമത്തിനുള്ള സാധ്യത 11% വർദ്ധിക്കുന്നു. അതായത്, വിഷാദരോഗത്തേക്കാൾ (depression) ശക്തമായ മുന്നറിയിപ്പ് ലക്ഷണമാണ് ഈ മാനസിക അസ്വസ്ഥത. ഇതിനുപുറമെ, ഉറക്കം, ഹൃദയമിടിപ്പ്, ശബ്ദവ്യതിയാനങ്ങൾ എന്നിവ നിരീക്ഷിക്കാൻ കഴിയുന്ന സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം ആളുകളെ വേഗത്തിൽ തിരിച്ചറിഞ്ഞ് സഹായമെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഗവേഷകർ ഇപ്പോൾ.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല….അതിജീവിക്കുകള മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )