ഇന്റർനെറ്റിൽ തരംഗമായി മാറിയ ഉത്തർപ്രദേശിലെ ‘ബാഗ്പത് സംഘർഷത്തിലെ’ പ്രധാന ആകാശർഷണമായ ‘ഐൻസ്റ്റീൻ ചാച്ച’ എന്ന ഹരേന്ദ്ര സിംഗ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 2021-ൽ ബാഗ്പതിൽ രണ്ട് ചാറ്റ് കടക്കാർ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ വൈറലായതോടെയാണ് ഓറഞ്ച് നിറത്തിലുള്ള മുടിയും വേറിട്ട ലുക്കുമുള്ള ഹരേന്ദ്ര സിംഗ് ഐൻസ്റ്റീൻ ചാച്ച എന്ന പേരിൽ ട്രോളുകളിൽ നിറഞ്ഞുനിന്നത്.
വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തുവന്ന പുതിയ വീഡിയോയിൽ അദ്ദേഹം ഒരു ഓഫീസിലെ ക്യൂവിൽ സാധാരണക്കാരനായി ക്ഷമയോടെ നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. “ആൽബർട്ട് ഐൻസ്റ്റീൻ വീണ്ടും ഭൂമിയിലേക്ക് തിരികെയെത്തി” എന്ന കുറിപ്പോടെ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. “നമ്മുടെ യുദ്ധവീരൻ ഇപ്പോൾ വയസ്സനായിരിക്കുന്നു”, “അദ്ദേഹത്തെയാണോ ഇങ്ങനെ ക്യൂവിൽ നിർത്തിയിരിക്കുന്നത്” എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
2021-ൽ ഉത്തർപ്രദേശിലെ ബാഗ്പതിൽ ഉപഭോക്താക്കളെ ചൊല്ലി രണ്ട് ചാറ്റ് വ്യാപാരികൾ തമ്മിലുണ്ടായ വടിയും ഇരുമ്പുകമ്പികളും ഉപയോഗിച്ചുള്ള കൂട്ടത്തല്ലാണ് ‘ബാഗ്പത് യുദ്ധം’ എന്ന പേരിൽ പ്രശസ്തമായത്. അന്ന് ഈ അടിപിടിയിൽ സജീവമായി പങ്കെടുത്ത ഹരേന്ദ്ര സിംഗിന്റെ രൂപം ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീനുമായി സാമ്യമുള്ളതിനാലാണ് ആളുകൾ അദ്ദേഹത്തിന് ഐൻസ്റ്റീൻ ചാച്ച എന്ന് പേരിട്ടത്. വർഷങ്ങൾ കഴിഞ്ഞിട്ടും ബാഗ്പത് സംഭവവും അതിലെ കഥാപാത്രമായ ഐൻസ്റ്റീൻ ചാച്ചയും സോഷ്യൽ മീഡിയയിൽ ഇന്നും ട്രെൻഡിംഗാണ്.




