പിതാവിന്റെ വഴിവിട്ട പ്രണയം കുടുംബത്തെ തകർത്തതോടെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്ട് പെൺമക്കൾ. സർവകലാശാലാ അധ്യാപകനായ അച്ഛന്റെ പ്രണയത്തെക്കുറിച്ചും അത് തങ്ങളുടെ കുടുംബജീവിതം എങ്ങനെ തകർത്തെന്നും വ്യക്തമാക്കുന്ന 86 പേജുള്ള ഉപന്യാസം തയ്യാറാക്കി പ്രസിദ്ധീകരിച്ചായിരുന്നു മക്കളുടെ വ്യത്യസ്തമായ പ്രതികാരം. ചൈനയിൽ നിന്നാണ് അപൂർവ്വവും കൗതുകകരവുമായ ഈ വാർത്ത പുറത്തുവരുന്നത്.
ഉപന്യാസത്തിലെ വിവരങ്ങൾ അനുസരിച്ച്, വുഹാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ 47-കാരനായ പിതാവിന് 2016 മുതൽ തന്റെ വിദ്യാർത്ഥിനിയോട് കടുത്ത പ്രണയമുണ്ടായിരുന്നു. 2018-ൽ തന്റെ 12-ാം വയസ്സിലാണ് മൂത്ത മകൾ ഈ ബന്ധം കണ്ടെത്തുന്നത്. പ്രശസ്ത ജാപ്പനീസ് കോമിക്കായ ‘ഡിറ്റക്റ്റീവ് കൊനാനി’ലെ നായകന്റെ ചിത്രമായിരുന്നു അച്ഛൻ തന്റെ പ്രൊഫൈൽ ചിത്രമാക്കിയിരുന്നത്. എന്നാൽ ഇതേ കോമിക്കിലെ നായികയുടെ ചിത്രമുള്ള മറ്റൊരു അക്കൗണ്ടിൽ നിന്ന് അച്ഛന് നിരന്തരം സന്ദേശങ്ങൾ വരുന്നത് മകൾ ശ്രദ്ധിക്കുകയും ഇക്കാര്യം അനിയത്തിയോട് പറയുകയുമായിരുന്നു.
ഈ അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ എത്തുമ്പോൾ അച്ഛൻ മറ്റെല്ലാ ജോലികളും മാറ്റിവെച്ച് അതിൽ മുഴുകുന്നതും മക്കളുടെ ശ്രദ്ധയിൽപ്പെട്ടു. വൈകാതെ തന്നെ ഈ അക്കൗണ്ടിൽ നിന്ന് കുട്ടികളുടെ അമ്മയ്ക്കും സന്ദേശങ്ങൾ വരാൻ തുടങ്ങി. പിതാവിന്റെ കാമുകി തങ്ങളുടെ അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്ന് പിന്നീടാണ് കുട്ടികൾ തിരിച്ചറിഞ്ഞത്.
തുടർന്ന് വീടിന്റെ ലോൺ തിരിച്ചടവും മക്കളുടെ സംരക്ഷണവും ഉപേക്ഷിച്ച് അച്ഛൻ വീടുവിട്ടിറങ്ങി. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അമ്മയുടെ ചുമലിലായി. വിവിധ ജോലികൾ ചെയ്താണ് അമ്മ കുടുംബം പുലർത്തിയത്. ഈ കഠിനമായ സമയത്ത് അമ്മയുടെ ഭാരം 15 കിലോയോളം കുറഞ്ഞതായും കുട്ടികൾ ഉപന്യാസത്തിൽ കുറിച്ചിട്ടുണ്ട്. തുടർന്ന് തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ ഉപന്യാസ രൂപത്തിലാക്കി കുട്ടികൾ അച്ഛന്റെ ഓഫീസിലെത്തി. അമ്മയ്ക്കും തങ്ങൾക്കും ജീവനാംശം നൽകിയില്ലെങ്കിൽ ഇത് പുറത്തുവിടുമെന്ന് അവർ അച്ഛനെ മുന്നറിയിപ്പ് അറിയിച്ചു. ഭയന്നുപോയ പിതാവ് പണം നൽകമെന്ന് മുദ്രപ്പത്രത്തിൽ ഒപ്പിട്ടു നൽകുകയും ചെയ്തു.
എന്നാൽ പിന്നീട് ഇയാൾ കാമുകിയെ വിവാഹം കഴിക്കുകയും അവർക്ക് യൂണിവേഴ്സിറ്റിയിൽ ജോലിയും ഉദ്യോഗക്കയറ്റവും വാങ്ങി നൽകുകയും ചെയ്തു. ഇതിനിടയിൽ കുട്ടികളുടെ ഉപന്യാസം പുറത്താവുകയും ഇത് മറ്റ് ജീവനക്കാർ ഇയാൾക്കെതിരെ ആയുധമാക്കുകയുമായിരുന്നു. നിലവിൽ ഈ സംഭവത്തിൽ യൂണിവേഴ്സിറ്റി അന്വേഷണം നടത്തിവരികയാണ്. കുടുംബത്തെ ഉപേക്ഷിച്ച അച്ഛന് പണികൊടുത്ത പെൺമക്കളുടെ കഥ ഇതിനോടകം തന്നെ ചൈനയിലാകെ വൈറലായിക്കഴിഞ്ഞു.




