ഗ്രേറ്റർ നോയിഡ വെസ്റ്റിലെ കെ.എഫ്.സി (KFC) ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഗൗർ സിറ്റി മാളിലെ കെ.എഫ്.സി ശാഖയിൽ നിന്നാണ് തനിക്ക് ഇത്തരം ദുരനുഭവമുണ്ടായതെന്ന് അവകാശപ്പെട്ട് ‘averycommonman1’ എന്ന എക്സ് (X) ഉപയോക്താവ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു. “ഏറെ ഭയാനകം, നിങ്ങളുടെ ചിക്കനിൽ നിന്ന് ഒരു ജീവിയെ കിട്ടിയിരിക്കുന്നു. ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പെട്ടെന്നുതന്നെ പോസ്റ്റ് വൈറലാവുകയും വൻ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഇതിന് മറുപടിയുമായി കെ.എഫ്.സി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഉണ്ടായ വിഷമത്തിൽ ക്ഷമ ചോദിക്കുന്നതായും, വിഷയം പരിശോധിക്കാൻ ഓർഡർ ഐ.ഡി പങ്കുവെക്കണമെന്നും കെ.എഫ്.സി എക്സിലൂടെ അറിയിച്ചു. എന്നാൽ ചിക്കനിൽ കണ്ടെത്തിയത് എന്താണെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം, പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കെ.എഫ്.സിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. മാംസം എത്രത്തോളം പഴകിയതാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമെന്നും, ഇന്ത്യയിലെ കെ.എഫ്.സി ഔട്ട്ലെറ്റുകളിൽ വൃത്തിഹീനമായ അന്തരീക്ഷവും ജീവനക്കാരുടെ മോശം പെരുമാറ്റവുമാണ് അനുഭവപ്പെടുന്നതെന്നും ഉപയോക്താക്കൾ കമന്റ് ചെയ്തു.




