കർണാടകയിലെ ഉഡുപ്പിയിൽ നടന്ന വിട്ലപിണ്ഡി ഉത്സവത്തിനിടെ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ദളപതി വിജയിയുമായി സാദൃശ്യമുള്ളയാൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രശസ്തമായ രഥബീഥി പ്രദേശത്തിലൂടെ തുറന്ന വാഹനത്തിലാണ് വിജയിയുടെ രൂപസാദൃശ്യമുള്ളയാൾ യാത്ര ചെയ്തത്. കറുത്ത വസ്ത്രം ധരിച്ച സുരക്ഷാ ജീവനക്കാരും കറുത്ത കാറും വാഹനത്തിന് മുന്നിലായി നീങ്ങിയത് ഒരു വി.ഐ.പി അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
പരമ്പരാഗത ആഘോഷങ്ങൾക്കിടയിൽ ആവേശത്തോടെ നൃത്തം ചെയ്ത ഇദ്ദേഹത്തെ കണ്ട് ജനങ്ങളും കൗതുകത്തിലായി. ഉത്സവത്തിൽ പങ്കെടുത്ത നിരവധിയാളുകൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി. വിജയിയുടെ അതേ നൃത്തച്ചുവടുകളോടെ ജനങ്ങളെ നോക്കി കൈവീശി കാണിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ വൻ പ്രചാരമാണ് ലഭിക്കുന്നത്. വിജയ് നേരിട്ടെത്തിയതാണെന്ന് കരുതിയ പലരും വീഡിയോ കണ്ട് അത്ഭുതപ്പെടുകയും വിവിധ രീതിയിലുള്ള പ്രതികരണങ്ങൾ പങ്കുവെക്കുകയും ചെയ്തു.
കൃഷ്ണജന്മാഷ്ടമിയോട് അനുബന്ധിച്ച് ഉഡുപ്പിയിൽ നടക്കുന്ന പ്രധാന ആഘോഷമാണ് വിട്ലപിണ്ഡി. ശ്രീകൃഷ്ണന്റെ ബാല്യകാല ലീലകളെ അനുസ്മരിപ്പിക്കുന്ന ഈ ആഘോഷത്തിൽ വിവിധ തരത്തിലുള്ള വേഷവിധാനങ്ങളും കലാരൂപങ്ങളും അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ ആഘോഷങ്ങളിൽ വിജയിയുടെ സാദൃശ്യമുള്ളയാളുടെ സാന്നിധ്യമാണ് ജനങ്ങളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറിയത്.




