Spotlight

‘പാർട്ടിയോട് ആലോചിച്ചില്ല’; ഷോൺ ജോർജിന്റെ വാർത്താസമ്മേളനത്തിൽ ബി.ജെ.പിയിൽ കടുത്ത അമർഷം!

സി.എം.ആർ.എൽ (CMRL) ഡയറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ നടപടിയിൽ പാർട്ടിയിൽ കടുത്ത അമർഷവും അതൃപ്തിയും. പാർട്ടിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ അഴിമതിക്കെതിരെ ഉന്നയിച്ചിരുന്ന പ്രധാന രാഷ്ട്രീയ ആയുധത്തിന്റെ മേൽക്കൈ നഷ്ടപ്പെടുത്തുകയും ചെയ്തെന്നാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുടെ വിമർശനം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് മുൻകൂട്ടി അറിയിക്കാതെ നടത്തിയ വാർത്താസമ്മേളനം മുതിർന്ന നേതാക്കളെപ്പോലും പ്രതിരോധത്തിലാക്കിയെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം.

സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തായുടെ ഡയറിയിൽ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതിന്റെ വിവരങ്ങൾ ഉണ്ടെന്ന വാദത്തോടെയാണ് ഷോൺ ജോർജ് രേഖകൾ പുറത്തുവിട്ടത്. എന്നാൽ ഇതിനുപിന്നാലെ ബി.ജെ.പി നേതാക്കളുടെ പേരുകളും വിഷയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ പാർട്ടിക്ക് പ്രതിരോധത്തിലാകേണ്ടി വന്നു.

തൃശൂരിൽ മാധ്യമങ്ങളോട് സംസാരിച്ച ബി.ജെ.പി നേതാവ് വി. മുരളീധരൻ, ഷോൺ ജോർജ് പുറത്തുവിട്ട രേഖകളുടെ ആധികാരികത തനിക്കറിയില്ലെന്ന് വ്യക്തമാക്കി തടിയൂരി. താൻ ശശിധരൻ കർത്തായിൽ നിന്ന് വ്യക്തിപരമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും പ്രാദേശികമായി പാർട്ടി ഫണ്ടുകളിലേക്ക് സംഭാവനകൾ രസീത് നൽകി സ്വീകരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വൈസ് പ്രസിഡന്റായ ഷോൺ ജോർജിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിക്കേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും വി. മുരളീധരൻ പ്രതികരിച്ചു.

പ്രസ്മീറ്റ് സംഘടിപ്പിച്ചത് വ്യക്തിതാൽപ്പര്യം മുൻനിർത്തിയാണെന്നാണ് ബി.ജെ.പിയിലെ പ്രധാന വിമർശനം. മുൻകൂട്ടി ആലോചിക്കാതെ നടത്തിയ ഈ വാർത്താസമ്മേളനം കാരണം, തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് കൃത്യമായ മറുപടിയില്ലാതെ വിഷയം പ്രതിരോധിക്കേണ്ടിവന്നു.