Featured Sports

ഇന്ത്യ ജപ്പാനെ ജയിച്ചത് ചതിയിലൂടെയോ? വിവാദ വൈഡിലെ വാസ്തവം വിശദീകരിച്ച് മുന്‍ താരം

ഏഷ്യൻ ഗെയിംസിൽ ജപ്പാനെതിരെ ഇന്ത്യ നേടിയ രണ്ടു റൺസിന്റെ ജയം ചതിയിലൂടെയാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മത്സരത്തിൽ ജപ്പാൻ ഇന്നിങ്സിനിടെ അമ്പയർ വിസിലടിച്ച വൈഡ്, ഇന്ത്യൻ കളിക്കാരുടെ അപ്പീലിനെ തുടർന്ന് പിൻവലിച്ചത് തെറ്റാണെന്നും ചതിയാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന വാദം. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്നും അമ്പയർമാരുടെ തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി.

തുടക്കത്തിൽ താനും ഇത് അമ്പയറുടെ പിഴവാണെന്നാണ് കരുതിയതെന്ന് ചോപ്ര പറയുന്നു. “ഇന്ത്യ ചതിയിലൂടെയാണ് ജപ്പാനെ തോൽപ്പിച്ചതെന്ന് ചിലരൊക്കെ ആരോപിക്കുന്നുണ്ട്. വൈഡ് പിൻവലിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കളി കണ്ടപ്പോൾ ആദ്യം എനിക്കും അങ്ങനെയാണ് തോന്നിയത്. സാധാരണ ഗതിയിൽ സ്വിച്ച് ഹിറ്റ് കളിക്കുമ്പോൾ ഇരു വശത്തെയും വൈഡ് ലൈനുകൾ ബൗളർക്ക് അനുകൂലമായി മാറും, എന്നാൽ റിവേഴ്സ് സ്വീപ്പിൽ അങ്ങനെയല്ലെന്നാണ് കരുതിയത്.

കൂടാതെ ബൗളർ പന്തെറിയുമ്പോൾ ബാറ്റർ നിലയുറപ്പിച്ച സ്ഥാനത്ത് മാറ്റം വരുത്തിയോ ഇല്ലയോ എന്നതും പ്രധാനമാണ്. ബാറ്റർ നഗർന്നിട്ടില്ലെന്നും അതിനാൽ അത് വൈഡാണെന്നുമാണ് ഞാൻ ആദ്യം വിചാരിച്ചത്. എന്നാൽ ഐ.സി.സിയുടെ പുതിയ നിയമപ്രകാരം സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും തമ്മിൽ വ്യത്യാസമില്ല. പുതിയ വൈഡ് നിയമം അനുസരിച്ച് ബാറ്റർ ഏത് രീതിയിൽ തിരിഞ്ഞു കളിക്കാൻ ശ്രമിച്ചാലും വൈഡിന്റെ കാര്യത്തിൽ ബൗളർക്ക് അനുകൂലമായ തീരുമാനമെടുക്കാൻ അമ്പയർക്ക് അധികാരമുണ്ട്.

ജപ്പാൻ ബാറ്റിങ്ങിന്റെ അവസാന ഓവറിലായിരുന്നു വിവാദമായ സംഭവം നടന്നത്. ഇടംകയ്യൻ ബാറ്ററായ അലക്സാണ്ടർ ഷിറായിക്ക് ലെഗ് സ്റ്റംപിലേക്ക് അക്സർ പട്ടേൽ എറിഞ്ഞ പന്ത് അമ്പയർ ആദ്യം വൈഡ് വിളിച്ചെങ്കിലും ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തതോടെ പിൻവലിക്കുകയായിരുന്നു. ഐ.സി.സി നിയമപ്രകാരം ഷിറായ് റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചതിനാൽ അത് ഓഫ്സൈഡ് വൈഡിന്റെ പരിധിയിലാണ് വരുന്നത്, അതിനാൽ വൈഡ് അനുവദിക്കാനാകില്ലെന്ന് അമ്പയർ തീരുമാനിച്ചു. ഇതോടെ 4 പന്തിൽ 5 റൺസ് വേണമെന്ന അവസ്ഥയിൽ നിന്ന് ജപ്പാന് 3 പന്തിൽ 6 റൺസ് വേണ്ടിവരികയും ഒടുവിൽ ഇന്ത്യ രണ്ടു റൺസിന് ജയിക്കുകയുമായിരുന്നു.