Featured Fitness

ഡയറ്റുമില്ല കലോറി നോക്കലുമില്ല! 60-ാം വയസ്സിലും ‘അയൺമാൻ’; മിലിന്ദ് സോമൻ കഴിക്കുന്നത് എന്ത്?

ആറ് ദിവസത്തിനിടെ രണ്ട് ഫുൾ ഡിസ്റ്റൻസ് അയൺമാൻ ട്രയാത്ത്‌ലണുകൾ പൂർത്തിയാക്കിയ പ്രശസ്ത നടനും ഫിറ്റ്‌നസ് പ്രേമിയുമായ മിലിന്ദ് സോമന്റെ ഭക്ഷണരീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ നേട്ടം കൈവരിച്ചെങ്കിലും ലളിതമായ ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്.

സെപ്റ്റംബർ 13-ന് നടന്ന അയൺമാൻ വെയിൽസും സെപ്റ്റംബർ 19-ന് നടന്ന അയൺമാൻ ഇറ്റലിയും പൂർത്തിയാക്കിയ ശേഷം താൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങൾ 60-കാരനായ മിലിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മത്സരം കഴിഞ്ഞയുടൻ രാജ്മയും ചോറും കഴിക്കുന്ന ചിത്രമാണ് അദ്ദേഹം ആദ്യം പങ്കുവെച്ചത്. പിന്നീട് ഞായറാഴ്ച തണ്ണിമത്തനും അവോക്കാഡോയും കഴിക്കുന്ന ചിത്രവും ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.

നേരത്തെ ചായ കുടിക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചപ്പോൾ, താൻ ചായയോ കാപ്പിയോ കുടിക്കാറില്ലെന്ന് പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നല്ലോ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്യുകയുണ്ടായി. “ഇപ്പോൾ എപ്പോഴെങ്കിലും കുടിക്കാറുണ്ട്, പക്ഷേ അത് ശീലമല്ല,” എന്നായിരുന്നു മിലിന്ദിന്റെ മറുപടി. കൃത്യമായ ഡയറ്റോ കലോറി കണക്കുകളോ താൻ നോക്കാറില്ലെന്ന് മിലിന്ദ് സോമൻ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

രാവിലത്തെ ഭക്ഷണത്തിൽ വലിയ അളവിൽ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്താറുണ്ടെന്ന് അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ദിവസം രാവിലെ മാത്രം മൂന്ന് കിലോയോളം പഴങ്ങൾ താൻ കഴിക്കാറുണ്ടെന്നും അതിൽ പപ്പായ, തണ്ണിമത്തൻ, അഞ്ചോ ആറോ മാമ്പഴം, ആറ് ഏത്തപ്പഴം എന്നിവ ഉൾപ്പെടാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കിച്ച്ഡി, അണ്ടിപ്പരിപ്പ്, നെയ്യ്, ശർക്കര എന്നിവയോടുള്ള പ്രിയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിൽ ഇതുവരെ പ്രത്യേക ഡയറ്റുകളൊന്നും പിന്തുടർന്നിട്ടില്ലെന്നും വിശപ്പടക്കാൻ ആവശ്യമായത്ര ഭക്ഷണം കഴിക്കാറുണ്ടെന്നുമാണ് മിലിന്ദ് പറയുന്നത്. സ്കൂൾ കാലഘട്ടം മുതൽ ഇതാണ് തന്റെ രീതിയെന്നും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിന് മുൻപ് ദിവസവും 250 ഗ്രാമോളം ചോക്ലേറ്റ് കഴിച്ചിരുന്നതായും അദ്ദേഹം ഓർത്തെടുത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ സസ്യാഹാരം കഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും എന്നാൽ രുചിയോടുള്ള ഇഷ്ടം കാരണം അപൂർവ്വമായി അസസ്യാഹാരവും കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്, പ്രോട്ടീൻ ഷെയ്ക്കുകൾ എന്നിവയൊന്നും തന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമല്ലെന്നും ശരീരത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് ലളിതമായ ഭക്ഷണം കഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മിലിന്ദ് വ്യക്തമാക്കുന്നു. ആറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ രണ്ട് അയൺമാൻ മത്സരങ്ങളിലായി ആകെ 7.6 കിലോമീറ്റർ നീന്തൽ, 360 കിലോമീറ്റർ സൈക്ലിംഗ്, 84.4 കിലോമീറ്റർ റണ്ണിംഗ് എന്നിവയാണ് ഈ 60-കാരൻ പിന്നിട്ടത്.