ഒരു മനുഷ്യന് തിയേറ്ററിനുള്ളിലിരുന്ന് ‘ഹനുമാൻ അംശ്’ എന്ന സിനിമ കാണുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാദരക്ഷകൾ ഉപേക്ഷിച്ച് വെറുംകാലോടെയിരുന്നാണ് ഇയാൾ സിനിമ കാണുന്നത് എന്നതാണ് ഈ വീഡിയോയിൽ ആളുകളുടെ ശ്രദ്ധ കവർന്ന പ്രധാന കാര്യം. വെള്ള കുർത്തയും പൈജാമയും തൊപ്പിയും ധരിച്ച ഈ വ്യക്തി, ആരോ തന്നെയൊന്ന് പകർർത്തുന്നുണ്ട് എന്നതുപോലും ശ്രദ്ധിക്കാതെ സിനിമയിൽ മുഴുകിയിരിക്കുന്നത് കാണാം.
നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ഹനുമാൻ അംശ്’ തിയേറ്ററുകളിൽ വലിയ മുന്നേറ്റം തുടരുമ്പോഴാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഇതിനകം 82.88 കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് നേടിക്കഴിഞ്ഞു. “അദ്ദേഹം സിനിമയിൽ പൂർണ്ണമായും ലയിച്ചിരിക്കുകയാണ്”, “പദരക്ഷകളില്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഈ സിനിമയോടുള്ള താല്പര്യം മനസ്സിലാക്കാം” എന്നിങ്ങനെ പോസിറ്റീവായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
സിനിമയുടെ പ്രചാരം കണക്കിലെടുത്ത് മിരാജ് സിനിമാസ് തിയേറ്ററുകളിൽ ഒരു പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. നീം കരോളി ബാബ ഭക്തർക്കൊപ്പം സിനിമ കാണുമെന്ന വിശ്വാസത്തിൽ, തിയേറ്ററുകളിലെ 9-ാം നമ്പർ സീറ്റ് ഇദ്ദേഹത്തിനായി ഒഴിച്ചിടാൻ മിരാജ് സിനിമാസ് തീരുമാനിക്കുകയായിരുന്നു.
1900-ൽ ഉത്തർപ്രദേശിലെ അക്ബർപൂരിൽ ലക്ഷ്മൺ നാരായൺ ശർമ്മയായി ജനിച്ച നീം കരോളി ബാബ, ഹനുമാൻ സ്വാമിയുടെ വലിയൊരു ഭക്തനായിരുന്നു. 1960-കളിലും 70-കളിലും കൈഞ്ചി ധാമിലെയും വൃന്ദാവനത്തിലെയും ആശ്രമങ്ങളിലൂടെ ലോകമെമ്പാടും പ്രശസ്തനായ ഇദ്ദേഹത്തിന്റെ തത്ത്വചിന്തകൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആത്മീയ അന്വേഷകരെയും ആകർഷിച്ചിരുന്നു.




