ഡൽഹി മെട്രോയ്ക്കുള്ളിൽ ബോളിവുഡ് സിനിമാ ശൈലിയിൽ ചിത്രീകരിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും, എന്നാൽ ഇതിന്റെ ചിത്രീകരണ രീതിയെച്ചൊല്ലി വൻ ചർച്ചകൾ ഉയരുകയും ചെയ്തിരിക്കുകയാണ്. കണ്ടന്റ് ക്രിയേറ്ററായ നിഖിൽ കൊച്ചാറിന്റെ ഈ വീഡിയോ ഇതിനകം 137 ദശലക്ഷത്തിലധികം (13.7 കോടി) ആളുകളാണ് കണ്ടത്.
സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന മെട്രോ ട്രെയിനിന്റെ ഗ്ലാസ് ജനലിൽ ഇയാൾ തന്റെ ഫോൺ ഒട്ടിച്ചു വെക്കുന്നതും, തുടർന്ന് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ പുറത്തെ ഫോണിൽ പതിയുന്നുണ്ട്. തൊട്ടടുത്ത നിമിഷം, നീങ്ങുന്ന ട്രെയിനിനൊപ്പം ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ ഓടുന്നതായും വീഡിയോയിൽ കാണാം.
എന്നാൽ സൂക്ഷ്മമായി പരിശോധിച്ച കാഴ്ചക്കാർ വീഡിയോയുടെ വിശ്വസനീയതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ട്രെയിനിന്റെ ഉള്ളിൽ നിന്ന് മറ്റൊരു സുഹൃത്ത് പകർത്തിയ വീഡിയോയും ഇയാൾ പുറത്തുനിന്ന് ഓടുന്ന വീഡിയോയും എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തതാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഗ്ലാസിലെ പ്രതിബിംബങ്ങളും (reflections) കൈകളുടെ ചലനങ്ങളിലെ വ്യത്യാസവുമാണ് ഈ സംശയത്തിന് കാരണം.
സംഭവം വൈറലായതോടെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ചില കണ്ടന്റ് ക്രിയേറ്റർമാർ മെട്രോയുടെ ജനലുകളിൽ മൊബൈൽ ഫോണുകൾ ഒട്ടിച്ച് വീഡിയോ പകരർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടും അപകടവും ഉണ്ടാക്കുമെന്നും ഡി.എം.ആർ.സി അറിയിച്ചു. മെട്രോ പരിസരത്ത് ഇത്തരം ചിത്രീകരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




