Oddly News

കൂട്ടുകാരൻ നൽകിയ പിറന്നാൾ സമ്മാനം ലോട്ടറിടിക്കറ്റ്; അടിച്ചത് 9 കോടി , ഞെട്ടി യുവാവ്!

ഇല്ലിനോയ്സിലെ ഒരു വ്യക്തിക്ക് കൂട്ടുകാരൻ പിറന്നാൾ സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ചത് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ). ഭാര്യ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിനിടെയാണ് സുഹൃത്ത് ഇയാൾക്ക് ഒരു കവറിലാക്കി കുറച്ച് ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകിയത്. ഓഗസ്റ്റ് 8-ന് നടന്ന ഇല്ലിനോയ്സ് ലോട്ടറിയുടെ ‘ലോട്ടോ മില്യൺ 2’ നറുക്കെടുപ്പിലെ 11, 17, 22, 26, 36, 45 എന്നീ ആറ് ഭാഗ്യ നമ്പറുകളും ഈ ടിക്കറ്റുമായി ഒത്തുപോകുകയായിരുന്നു.

ആദ്യഘട്ടത്തിൽ 1,000 ഡോളർ (ഏകദേശം 83,000 രൂപ) മാത്രമാണ് തനിക്ക് ലഭിച്ചതെന്നാണ് ഇയാൾ കരുതിയിരുന്നത്. സുഹൃത്തിനോട് ടിക്കറ്റ് പരിശോധിക്കാൻ പറഞ്ഞപ്പോഴും ജാക്ക്പോട്ട് സമ്മാന തുക ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് 1,000 ഡോളർ സമ്മാനം വാങ്ങാനായി ഭാര്യയോടൊപ്പം ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് തുക ഒരു മില്യൺ ഡോളറാണെന്ന് അധികൃതർ വ്യക്തമാക്കിയത്. ഇതുകേട്ട് താൻ ആകെ അമ്പരന്നുപോയെന്നും ഭാര്യ സന്തോഷം കൊണ്ട് കരഞ്ഞുപോയെന്നും ഇയാൾ പറഞ്ഞു. അതേ ടിക്കറ്റിലെ മറ്റൊരു നിരയിൽ രണ്ട് നമ്പറുകൾ കൂടി ഒത്തുവന്നതോടെ രണ്ട് ഡോളർ കൂടി ഇയാൾക്ക് അധികമായി ലഭിച്ചു.

സമ്മാനത്തുക ഉപയോഗിച്ച് ഒരു പുതിയ കാറും ഗോൾഫ് കാർട്ടും വാങ്ങാനും, ഫ്ലോറിഡയിലുള്ള കുടുംബത്തെ സന്ദർശിക്കാനുമാണ് ഇയാളുടെ തീരുമാനം. കൂടാതെ തങ്ങളുടെ 40-ാം വിവാഹവാർഷികം ക്രൂയിസ് കപ്പൽ യാത്രയോടെ ആഘോഷിക്കാനും മക്കൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകാനും ദമ്പതികൾ പദ്ധതിയിടുന്നു. ഇല്ലിനോയ്സ് ലോട്ടറിയുടെ നിയമപ്രകാരം നറുക്കെടുപ്പ് തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഇത്തരം വലിയ സമ്മാനത്തുകകൾ കൈപ്പറ്റേണ്ടതുണ്ട്.