Oddly News

“ഒറ്റയ്ക്ക് ജീവിക്കയാണോ?” ചോദ്യം കേട്ട് മടുത്തു! ഒടുവിൽ യുവതി കണ്ടെത്തിയ ‘വിചിത്ര’ പരിഹാരം വൈറലാകുന്നു

ബാംഗ്ലൂരിൽ തനിച്ചു താമസിക്കുന്നതിനെക്കുറിച്ച് വീട്ടിലെത്തുന്ന ബന്ധുക്കളുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ 22-കാരിയായ ഒരു യുവതി വിചിത്രമായ ഒരു വഴി കണ്ടെത്തുകയുണ്ടായി. കുറച്ചു ദിവസത്തേക്ക് തന്റെ വീട്ടിൽ താമസിച്ച് കൂടെ താമസിക്കുന്ന ആളായി അഭിനയിക്കാൻ തയാറുള്ള ഒരു പെൺകുട്ടിയെ ആവശ്യപ്പെട്ട് അവൾ റെഡ്ഡിറ്റിൽ (Reddit) ഒരു പോസ്റ്റ് പങ്കുവെച്ചു. പകരം അവർക്ക് സ സൗജന്യ താമസവും ഭക്ഷണവും ഒരു സ്വകാര്യ മുറിയും നൽകുമെന്നും അവൾ വാഗ്ദാനം ചെയ്തു.

“ഫേക്ക് ഫ്ലാറ്റ്‌മേറ്റിനെ (സ്ത്രീകൾക്ക് മാത്രം) ഏതാനും ദിവസത്തേക്ക് ആവശ്യമുണ്ട് – സൗജന്യ താമസം, ലഘുഭക്ഷണങ്ങൾ ഉൾപ്പെടെ” എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. താൻ ഒരു വലിയ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത് എന്ന് അറിയുമ്പോൾ ബന്ധുക്കൾ ചോദ്യങ്ങൾ ചോദിക്കുമെന്ന് ഭയന്നാണ് ഇങ്ങനെ ഒരു ആശയം തനിക്ക് വന്നതെന്ന് “F22” എന്ന് സ്വയം പരിചയപ്പെടുത്തിയ ആ യുവതി കുറിച്ചു. അമ്മായിമാർ തൃപ്തിയോടെ തലയാട്ടി മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ മാത്രം തികച്ചും താത്കാലികമായി ഒരു വ്യാജ ഫ്ലാറ്റ്‌മേറ്റിനെ ആവശ്യമുണ്ട് എന്നായിരുന്നു അവളുടെ പോസ്റ്റ്.

പൂർണ്ണമായി സജ്ജീകരിച്ച വീട്ടിൽ സൗജന്യ താമസവും ഭക്ഷണവും ലഭിക്കുമെന്നും, ഗാർഹിക ജോലി ഉത്തരവാദിത്തങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്നും അവൾ വ്യക്തമാക്കി. ബന്ധുക്കൾ വരുമ്പോൾ പരസ്പരം സഹകരിച്ച് ഒന്നിച്ച് ജീവിക്കുന്ന യഥാർത്ഥ റൂംമേറ്റുകളെപ്പോലെ അഭിനയിക്കുക, അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി നൽകുക എന്നിവ മാത്രമായിരുന്നു പ്രധാന നിബന്ധന. താത്പര്യമുള്ളവരോട് കൂടുതൽ വിവരങ്ങൾക്കായി സന്ദേശം അയക്കാൻ അവൾ ആവശ്യപ്പെടുകയും ചെയ്തു.

ഈ വിചിത്രമായ ആവശ്യത്തിന് റെഡ്ഡിറ്റിൽ വൻ പ്രതികരണമാണ് ലഭിച്ചത്. 150-ലധികം ആളുകൾ അവൾക്ക് സന്ദേശങ്ങൾ അയച്ചു. യുവതികൾക്ക് പുറമെ ദമ്പതികളും, കൗതുകം കൊണ്ട് മെസ്സേജ് അയച്ചവരും ഇതിലുണ്ടായിരുന്നു. വ്യാജ പെൺ റൂംമേറ്റ് ആകാൻ തങ്ങൾക്ക് കഴിയുമെന്ന് വാദിച്ച് ചില പുരുഷന്മാരും സന്ദേശം അയക്കുകയുണ്ടായി. വൻ പ്രതികരണത്തെ തുടർന്ന് ചിലരെ താൻ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവരോട് സംസാരിക്കുകയാണെന്നും അവൾ പിന്നീട് അറിയിച്ചു.

നിരവധി ആളുകളാണ് ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തിയത്. തമാശ നിറഞ്ഞ നിർദ്ദേശങ്ങളും പലരും പങ്കുവെച്ചു. “നിങ്ങളുടെ ഫ്ലാറ്റ്‌മേറ്റ് ഈ സമയത്ത് യാത്രയിലാണെന്ന് ബന്ധുക്കളോട് പറഞ്ഞാൽ പോരേ?” എന്ന് ഒരാൾ ചോദിച്ചപ്പോൾ, “ഈ നാടകത്തിന് ശേഷം ഇതിന്റെ രണ്ടാം ഭാഗം അറിയാൻ കാത്തിരിക്കുന്നു” എന്നാണ് മറ്റൊരാൾ കുറിച്ചത്.

ഇതിനിടയിൽ പോസ്റ്റ് ഇട്ടത് ഒരു യുവതിയല്ലെന്നും ഡെലോയിറ്റിലെ (Deloitte) ഒരു പുരുഷ ജീവനക്കാരനാണെന്നും ആരോപിച്ചുകൊണ്ട് ഒരാൾ രംഗത്തെത്തിയെങ്കിലും ഇതിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റിന് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് കരുതിയില്ലെന്നും, ഇതിന്റെ ബാക്കി വിശേഷങ്ങൾ പിന്നീട് പങ്കുവെക്കാമെന്നും പറഞ്ഞാണ് ആ യുവതി പോസ്റ്റ് അവസാനിപ്പിച്ചത്.