ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ, ഓഫീസുകളിൽ മണിക്കൂറുകളോളം ഇരുന്ന് ജോലിയെടുക്കുന്നത് സ്വാഭാവികമായതോടെ ശരീരഭാരം കൂടുന്നത് വളരെ സാധാരണയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലും പൊതുസ്ഥലങ്ങളിലെ പരസ്യ ബോർഡുകളിലും ഭാരം കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളുടെയും ജിമ്മുകളുടെയും മരുന്നുകളുടെയും പരസ്യങ്ങൾ വ്യാപകമാണ്.
ഇതിനിടയിൽ, ജപ്പാനിൽ നിന്നുള്ള ഒരു വ്യായാമ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. ദിവസവും നാല് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വ്യായാമം തുടർച്ചയായി ഒരു ആഴ്ച ചെയ്താൽ 5 കിലോ വരെ ശരീരഭാരം കുറയ്ക്കാമെന്നാണ് ഇതിൽ അവകാശപ്പെടുന്നത്. ഡംബെല്ലുകൾ പോലുള്ള ഭാരമേറിയ ഉപകരണങ്ങൾ ഒന്നുമില്ലാതെ ചെയ്യാൻ കഴിയുന്ന ഈ രീതിക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലെന്നും വീഡിയോ പറയുന്നു.
എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 30 ലക്ഷത്തിലധികം ആളുകൾ കാണുകയും 60,000-ത്തോളം ലൈക്കുകൾ നേടുകയും ചെയ്തിട്ടുണ്ട്. വലിയൊരു വിഭാഗം ആളുകളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തുന്നത്. വലിയ ആയാസമില്ലാതെ നാല് മിനിറ്റ് കൊണ്ട് ഇത് ചെയ്യാൻ സാധിക്കുമെങ്കിലും സ്ഥിരതയാണ് പ്രധാനമെന്ന് ഒരാൾ കുറിച്ചപ്പോൾ, ഒരു വ്യായാമവും ചെയ്യാതിരിക്കുന്നതിനേക്കാൾ എന്തെങ്കിലും ചെയ്യുന്നത് നല്ലതാണെന്നും ആളുകളെ വ്യായാമം ചെയ്യാൻ ഇത് പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
തുടക്കത്തിൽ തന്നെ വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്നും കൃത്യമായി പിന്തുടരുകയാണ് വേണ്ടതെന്നും ചിലർ ഓർമ്മിപ്പിക്കുന്നു. നിലവിലെ പല പോപ്പ് പാട്ടുകളേക്കാൾ ദൈർഘ്യമുള്ള വീഡിയോ ആണിതെന്നും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ ഇത് ചെയ്തു തുടങ്ങുന്നതാണ് നല്ലതെന്നും മറ്റ് ചിലർ കുറിച്ചു.




