കോണുകൾ പോലുള്ള കൂർത്ത മേൽക്കൂരകളും ഫ്രഞ്ച് ശൈലിയിലുള്ള ജനലുകളും ചുറ്റും ബാൽക്കണികളുമുള്ള ഒന്നിലധികം നിലകളുള്ള ഒരു വീട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. ഡിസ്നി സിനിമകളിലെ രാജകുമാരിമാരുടെ കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കുന്ന ഇത്തരം മനോഹരമായ വീടുകൾ തുർക്കിയിലെ ‘ബുർജ് അൽ ബാബാസ്’ എന്ന ഹൗസിംഗ് പ്രൊജക്റ്റില്‍ കാണാൻ സാധിക്കും.
ഇതൊരു നഗരമോ ഗ്രാമമോ അല്ല; പകരം കൊട്ടാര സമാനമായ വീടുകൾ അടങ്ങിയ ഒരു ആഡംബര ഹൗസിംഗ് പ്രൊജക്റ്റാണ്. ആൾത്താമസം ലക്ഷ്യമിട്ട് നിർമ്മിച്ചതാണെങ്കിലും, ഇന്ന് ഇവിടെയുള്ള 732 ‘സ്വപ്ന ഭവനങ്ങൾ’ മുഴുവനായും ആരുമില്ലാതെ വിജനമായി കിടക്കുകയാണ്.
സരോത് പ്രോപ്പർട്ടി ഗ്രൂപ്പ് എന്ന കമ്പനിയാണ് ബുർജ് അൽ ബാബാസ് എന്ന ഈ കൂറ്റൻ ആഡംബര പദ്ധതിക്ക് തുടക്കമിട്ടത്. യൂറോപ്യൻ കൊട്ടാരങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഈ വീടുകൾക്ക് ഏകദേശം അഞ്ച് ലക്ഷം ഡോളറോ അതിൽ താഴെയോ ആയിരുന്നു വില. തണുപ്പകറ്റാൻ നിലത്തു ഘടിപ്പിച്ച ഹീറ്റിംഗ് സംവിധാനങ്ങളും എല്ലാ നിലകളിലും ജക്കൂസികളും ഉൾപ്പെടെ വലിയ സൗകര്യങ്ങളോടെയാണ് ഇവ രൂപകൽപ്പന ചെയ്തത്. ഫ്രാൻസിലെയും സ്പെയിനിലെയും പരമ്പരാഗത വീടുകൾക്ക് ഒരു മികച്ച ബദലായിട്ടാണ് ഗള്‍ഫിലെ ധനികരെ ലക്ഷ്യമിട്ട് ഇത് വിഭാവനം ചെയ്തത്.
2014-ൽ ആരംഭിച്ച പദ്ധതി നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിയമവിരുദ്ധമായ പരിസ്ഥിതി ലംഘനങ്ങളും തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തിരിച്ചടിയായി. കൂടാതെ, ഒട്ടോമൻ ശൈലിയിലുള്ള വീടുകൾക്ക് പകരം യൂറോപ്യൻ ശൈലിയിൽ നിർമ്മിച്ചതിൽ പല നിക്ഷേപകർക്കും അമർഷമുണ്ടായിരുന്നു.
2018-ഓടെ കമ്പനി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പാപ്പരത്ത അപേക്ഷ നൽകി. പണം ഉണ്ടായിരുന്നിട്ടും പദ്ധതി പൂർത്തിയാക്കാതെ കമ്പനി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പിന്നീട് ഇസ്താംബൂൾ കോടതി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിർമ്മാണം ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും, ഈ ‘രാജകൊട്ടാരങ്ങൾ’ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പ്രേതനഗരം പോലെ ഇന്നും നിലകൊള്ളുന്നു.




