പകൽ സമയത്ത് തടസ്സമില്ലാതെ ശ്വാസമെടുക്കാൻ സാധിക്കുമെങ്കിലും രാത്രി കിടക്കാൻ നേരത്ത് മൂക്കടപ്പ് അനുഭവപ്പെടുന്നത് പലരുടെയും പ്രശ്നമാണ്. രാത്രിയിലുണ്ടാകുന്ന മൂക്കടപ്പ് അസ്വസ്ഥതയുണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും രാവിലെ എഴുന്നേൽക്കുമ്പോൾ വായയും തൊണ്ടയും വരണ്ടുപോകാൻ കാരണമാകുകയും ചെയ്യും. ജലദോഷമോ അണുബാധയോ മാത്രമല്ല, അലർജികളും ശരീരത്തിലുണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങളും ഉറങ്ങുന്ന രീതിയും ഇതിന് കാരണമാകാറുണ്ട്.
കിടക്കുമ്പോൾ ഗുരുത്വാകർഷണം മൂലം മൂക്കിലെ സ്രവങ്ങൾക്ക് ശരിയായി പുറത്തേക്ക് പോകാൻ സാധിക്കാതെ വരികയും അവിടെ കെട്ടിക്കിടന്ന് മൂക്കടപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ രാത്രികാലങ്ങളിൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന കോർട്ടിസോൾ ഹോർമോണിന്റെ അളവ് ശരീരത്തിൽ സ്വാഭാവികമായി കുറയുന്നതും മൂക്കടപ്പ് കൂട്ടുന്നു. അലർജിയുള്ളവർക്ക് കിടപ്പുമുറിയിലുള്ള പൊടി, പൊടിപ്പറ്റുകൾ (dust mites),പൂപ്പൽ എന്നിവ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.
കിടപ്പുമുറിയിലെ അലർജിക്ക് പുറമെ അസിഡിറ്റിയും (Acid Reflux) ചിലരിൽ മൂക്കടപ്പിന് കാരണമാകാറുണ്ട്. രാത്രി ഭക്ഷണത്തിന് ശേഷം ഉടൻ കിടക്കുമ്പോൾ വയറ്റിലെ ആസിഡ് തൊണ്ടയിലേക്ക് കയറുകയും ഇത് മൂക്കിലെ സ്രവങ്ങളെ ബാധിക്കുകയും ചെയ്യാം. നെഞ്ചെരിച്ചിൽ, തൊണ്ടവേദന, വായയിൽ പുളിപ്പ് എന്നിവയോടൊപ്പം മൂക്കടപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അസിഡിറ്റി മൂലമാകാം.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കിടപ്പുമുറിയും ബെഡ്ഷീറ്റുകളും എപ്പോഴും ശുചിയായി സൂക്ഷിക്കുക. പൂപ്പലോ ഈർപ്പമോ ഉണ്ടെങ്കിൽ അത് മാറ്റണം. രാവിലെ എഴുന്നേറ്റ ഉടൻ സാധാരണ വെള്ളത്തിൽ മൂക്ക് കഴുകുന്നത് രാത്രി കെട്ടിക്കിടക്കുന്ന അഴുക്കും സ്രവങ്ങളും നീക്കം ചെയ്യാൻ സഹായിക്കും. ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുന്നത് തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കും. കൃത്യമായ പല്ലുതേപ്പും വായ ശുചിത്വവും മൂക്കിലെ അണുബാധകൾ തടയാൻ സഹായിക്കും. എന്നാൽ ദിവസവും രാത്രിയിൽ മൂക്കടപ്പ് അനുഭവപ്പെടുകയോ, തലവേദന, പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുകയോ ചെയ്താൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.




