അഹമ്മദാബാദ് ∙ ഗുജറാത്തിലെ ഗാന്ധിനഗറിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ നാലു വയസ്സുകാരിയുടെ പിതാവ് പൊലീസിന്റെ പിടിയിലായി. ഇയാൾ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്നാണ് ഈ സംഭവം നടന്നത്.
വീട്ടിൽ അതിഥിയായെത്തിയ സുഹൃത്തിനോട് പ്രതി മോശമായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭാര്യ നാലു വയസ്സുള്ള മകളെയും രണ്ടു വയസ്സുള്ള മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് ഭാര്യവീട്ടിലെത്തിയ ഇയാൾ മകളെ തനിക്കൊപ്പം അയക്കണമെന്ന് നിർബന്ധം പിടിക്കുകയും, വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അന്ന് രാത്രി വീട്ടിൽവച്ച് ഇയാൾ കുട്ടിയെ ദാരുണമായി ലൈംഗിക പീഡനത്തിന് ഇരയാക്കി.
പിറ്റേദിവസം രാവിലെ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് പ്രതിയുടെ സഹോദരി വിവരം കുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം സ്ഥിരീകരിച്ചത്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.



