Crime

“എന്റെ കുഞ്ഞിനെ തൊടുന്നോടാ?” 4വയസ്സുകാരി കൊച്ചുമകളെ പീഡിപ്പിച്ച യുവാവിനെ വടിവാളിന് വെട്ടി മുത്തശ്ശി

തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലെ കുളിത്തലൈയ്ക്ക് സമീപം നാലുവയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ട് വെട്ടി മുത്തശ്ശി. സംഭവത്തിൽ 55-കാരിയായ കുട്ടിയുടെ മുത്തശ്ശിയെയും മറ്റ് ബന്ധുക്കളെയും പൊലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കൾ, അയൽവാസിയായ ടി. മണിക്യം (31) എന്ന യുവാവിനോട് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലാക്കാൻ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കുന്നതിന് പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ഇയാൾ അവിടെവെച്ച് ക്രൂരമായി പീഡിപ്പിച്ചു. അതിനുശേഷം കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് അയാൾ കടന്നുകളയുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി തനിക്കുണ്ടായ ദുരനുഭവം മുത്തശ്ശിയോട് പറയുകയും വിവരമറിഞ്ഞ് രോഷാകുലയായ മുത്തശ്ശി ആയുധവുമായി മണിക്യത്തെ തിരഞ്ഞിറങ്ങുകയുമായിരുന്നു. തുടർന്ന് വെള്ളിയാഴ്ച കുളിത്തലൈ ടൗണിന് സമീപമുള്ള ചായക്കടയ്ക്കടുത്ത് പ്രതിയെ കണ്ട മുത്തശ്ശി ഇയാളെ പിന്തുടർന്ന് പിടികൂടുകയും കൈയിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ നോക്കിനിൽക്കെ നടന്ന ആക്രമണത്തിൽ പ്രതിക്ക് പത്തോളം വെട്ടേറ്റിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുളിത്തലൈ പൊലീസ് മുത്തശ്ശിയിൽ നിന്ന് വടിവാൾ കസ്റ്റഡിയിലെടുക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മണിക്യം നിലവിൽ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പീഡനത്തിനിരയായ പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ട്.