Health

അമ്മയ്ക്ക് പനിയുള്ളപ്പോൾ കുഞ്ഞിന് മുലപ്പാൽ കൊടുക്കാമോ? ഡോക്ടർമാർ പറയുന്നത്

ലോകവ്യാപകമായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനു എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. മുലയൂട്ടൽ മെച്ചപ്പെടുത്തുന്നതിനുള്ള വിജയകരമായ രീതികൾ വികസിപ്പിക്കുന്നതിനും അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുമാണ് ഈ വർഷത്തെ ദിനാചരണം പ്രാധാന്യം നൽകുന്നത്.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ജീവൻരക്ഷാ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുലയൂട്ടൽ. ആവശ്യമായ വിറ്റാമിനുകൾക്കും മിനറലുകൾക്കും പുറമെ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളും കുഞ്ഞുങ്ങളെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. മുതിരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാനും ഗർഭപാത്രം പഴയപടിയാകാനും സഹായിക്കുന്നതിലൂടെ പ്രസവത്തിൽ നിന്നുള്ള അമ്മയുടെ വീണ്ടെടുക്കലിനെയും മുലയൂട്ടൽ സഹായിക്കുന്നു. അമ്മമാരിൽ സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ മുലയൂട്ടലിന് സാധിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, കൂടുതൽ കലോറി എരിച്ചു കളയുന്നതിലൂടെ പ്രസവാനന്തരം തടി കുറയ്ക്കാനും ഇത് സഹായിക്കുന്നു.

മുലയൂട്ടൽ വളരെ പ്രധാനമാണെങ്കിലും, ഇതിനെക്കുറിച്ച് അമ്മമാർക്ക് പലപ്പോഴും സംശയങ്ങൾ ഉണ്ടാകാറുണ്ട്. പനിയുള്ളപ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകാൻ സാധിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ഒരു സംശയം.

പനിയുള്ള സമയത്തും കുഞ്ഞിന് തടസ്സമില്ലാതെ മുലപ്പാൽ നൽകുന്നത് തികച്ചും സുരക്ഷിതവും അത്യാവശ്യവുമാണ്. സാധാരണ ഉണ്ടാകുന്ന പനി നിങ്ങളുടെ മുലപ്പാലിന്റെ ഗുണനിലവാരത്തെ ബാധിക്കുകയോ കേടുവരുത്തുകയോ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയും (WHO), യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (CDC) വ്യക്തമാക്കുന്നു.

പനിയുള്ള സമയത്തും അമ്മമാർക്ക് മുലയൂട്ടൽ തുടരാവുന്നതാണെന്ന് ദില്ലി ഫോർട്ടിസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. വിവേക് ജെയിൻ പറയുന്നു. ജലദോഷം, ഫ്ലൂ അല്ലെങ്കിൽ മറ്റ് വൈറൽ അണുബാധകളുടെ ലക്ഷണം മാത്രമാകാം പലപ്പോഴും പനി. വാസ്തവത്തിൽ, അമ്മയുടെ പാലിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ കുഞ്ഞിനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എങ്കിലും അമ്മമാർ ധാരാളം വെള്ളം കുടിക്കുകയും നന്നായി വിശ്രമിക്കുകയും വേണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളപ്പോൾ കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതും മാസ്ക് ധരിക്കുന്നതും കുഞ്ഞിലേക്ക് രോഗാണുക്കൾ പടരുന്നത് തടയും.

സാധാരണ ഗതിയിൽ പനി മുലപ്പാലിനെയോ അതിന്റെ ഉൽപ്പാദനത്തെയോ പ്രതികൂലമായി ബാധിക്കാറില്ല. എന്നാൽ നിർജ്ജലീകരണം, പോഷകാഹാരക്കുറവ് അല്ലെങ്കിൽ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവ അമ്മയ്ക്ക് ഉണ്ടെങ്കിൽ പാൽ ഉത്പാദനം താൽക്കാലികമായി കുറഞ്ഞേക്കാം. ധാരാളം വെള്ളം കുടിക്കുന്നതും ആവശ്യത്തിന് വിശ്രമിക്കുന്നതും ഇടയ്ക്കിടെ മുലയൂട്ടുന്നതും പാൽ ഉൽപ്പാദനം നിലനിർത്താൻ സഹായിക്കും. ഭൂരിഭാഗം രോഗങ്ങളും മുലപ്പാലിലൂടെ കുഞ്ഞിലേക്ക് പകരില്ല; മറിച്ച് പ്രതിരോധശേഷി നൽകി കുഞ്ഞിനെ സംരക്ഷിക്കുകയാണ് മുലപ്പാൽ ചെയ്യുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മുലയൂട്ടൽ താൽക്കാലികമായി നിർത്തേണ്ടതുള്ളൂ എന്ന് ഡോ. ജെയിൻ വിശദീകരിക്കുന്നു. മുലപ്പാലിലൂടെ കുഞ്ഞിന് ദോഷം ചെയ്യുന്ന ശക്തമായ മരുന്നുകൾ കഴിക്കുമ്പോഴോ, ചില പ്രത്യേക ക്യാൻസർ ചികിത്സകൾക്ക് വിധേയരാകുമ്പോഴോ മാത്രമാണ് മുലയൂട്ടൽ താൽക്കാലികമായി തടയേണ്ടി വരുന്നത്. അത്തരം സന്ദർഭങ്ങളിൽ ഡോക്ടറുടെ ഉപദേശപ്രകാരം പിഴിഞ്ഞെടുത്ത പാൽ (expressed milk) നൽകാവുന്നതാണ്. എന്നാൽ പനിയോ സാധാരണ അസുഖങ്ങളോ വരുമ്പോൾ ഒരു കാരണവശാലും മുലയൂട്ടൽ നിർത്തേണ്ടതില്ല.

ചുരുക്കത്തിൽ, കുട്ടികളുടെ ഉടനടിയുള്ള വളർച്ചയ്ക്കും ആരോഗ്യത്തിനും മാത്രമല്ല, അമ്മമാരുടെ ദീർഘകാല ആരോഗ്യത്തിനും മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്.