പഠനാവശ്യത്തിന് എട്ടാം ക്ലാസുകാരനായ മകന് ഫോണ് കൊടുത്ത പിതാവിന് ‘എട്ടിന്റെ’ പണി. അച്ഛന്റെ ഫോൺ ഉപയോഗിച്ച് രഹസ്യമായി റോബ്ലോക്സ് (Roblox) എന്ന ഗെയിമിൽ 42,000 രൂപയാണ് മകന് കളിച്ചു കളഞ്ഞത്. കാര്യം മനസ്സിലാക്കിയപ്പോഴേക്കും ഈ തുക മുഴുവൻ ഗെയിമിലെ വെർച്വൽ കറൻസിയാക്കി കുട്ടി ഉപയോഗിച്ചു തീർത്തുവെന്നും, അക്കൗണ്ടിൽ വെറും 100 റോബക്സ് (Robux) മാത്രമേ ബാക്കിയുള്ളൂവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ കുട്ടിയുടെ ജേഷ്ഠന് വെളിപ്പെടുത്തി.
അടിയന്തരമായി അടക്കേണ്ട സ്കൂൾ ഫീസിനും വായ്പാ തിരിച്ചടവുകൾക്കും മാറ്റിവെച്ച തുക നഷ്ടപ്പെട്ടതോടെ തകർന്നുപോയ ജ്യേഷ്ഠൻ, പണം തിരികെ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഇന്റർനെറ്റിൽ സഹായം തേടുകയായിരുന്നു.
“സുഹൃത്തുക്കളെ, ഞാൻ ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്. ഇന്നലെ എട്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ സഹോദരൻ പഠിക്കാനായി അച്ഛന്റെ ഫോൺ വാങ്ങി. എന്നാൽ പഠിക്കുന്നതിന് പകരം അവൻ റോബ്ലോക്സ് കളിക്കുകയും അതിൽ 42,000 രൂപ ചിലവാക്കുകയും ചെയ്തു. ആ തുക മുഴുവൻ അവൻ ഉപയോഗിച്ചു തീർത്തു, ഇനി വെറും 100 റോബക്സ് മാത്രമാണ് അക്കൗണ്ടിലുള്ളത്. ആരെങ്കിലും എന്നെ ഒന്ന് സഹായിക്കൂ, ഈ പണം തിരികെ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ഞങ്ങൾ വലിയ സാമ്പത്തിക നഷ്ടത്തിലാണ്. അച്ഛന്റെ കയ്യിൽ വായ്പ തിരിച്ചടക്കാനോ സ്കൂൾ ഫീസ് അടക്കാനോ പോലും ഇപ്പോൾ പണമില്ല,” എന്ന് അദ്ദേഹം കുറിച്ചു.
ദശലക്ഷക്കണക്കിന് 3D ഗെയിമുകൾ കളിക്കാൻ സാധിക്കുന്ന ഒരു ജനപ്രിയ ഓൺലൈൻ പ്ലാറ്റ്ഫോമാണ് റോബ്ലോക്സ്. ഇതിൽ ഗെയിം കഥാപാത്രങ്ങളെയും അവരുടെ വസ്ത്രങ്ങളും ആക്സസറികളും വാങ്ങാനും പ്രത്യേക കഴിവുകൾ നേടാനും ഉപയോഗിക്കുന്ന വെർച്വൽ ഇൻ-ഗെയിം കറൻസിയാണ് റോബക്സ്.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ, പണം തിരികെ ലഭിക്കുന്നതിനായി ബാങ്കിലും റോബ്ലോക്സ് അധികൃതർക്കും ഉടൻ തന്നെ പരാതി നൽകാൻ ആളുകൾ നിർദ്ദേശിച്ചു. റോബ്ലോക്സ് സപ്പോർട്ടുമായി ബന്ധപ്പെടാമെന്നും എന്നാൽ നിയമവിരുദ്ധമായ ഇടപാടായതിനാൽ സഹോദരന്റെ ഗെയിം അക്കൗണ്ട് നിരോധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. അക്കൗണ്ട് റദ്ദാക്കപ്പെട്ടാലും സാരമില്ല, ബാങ്ക് വഴി തുക തിരികെ നേടാൻ ശ്രമിക്കണമെന്നും, സ്വന്തമല്ലാത്ത കാര്യങ്ങൾ ഉപയോഗിക്കരുതെന്ന് കുട്ടിയെ പഠിപ്പിക്കാൻ ഇതൊരു പാഠമാകുമെന്നും മറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പണത്തിന്റെ മൂല്യത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും കൃത്യമായ ബോധവൽക്കരണം നൽകേണ്ടത് മാതാപിതാക്കളുടെ അടിയന്തര ചുമതലയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കൂട്ടിച്ചേർത്തു.




