Oddly News

ഡയറി ഫാം ഒഴിപ്പിക്കൽ; പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ പൂട്ടിട്ട് യുവാവ്, ചങ്ങലകൊണ്ടടിയും- വിഡിയോ വൈറൽ

ലക്‌നൗവിൽ അനധികൃത ഡയറി ഫാമുകൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം. പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് കഴുത്തിൽ കുരുക്കിട്ട് പിടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബുധേശ്വർ ചേരി പ്രദേശത്താണ് ഈ സംഭവം നടന്നത്.

പാരാ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത ഡയറി ഫാമുകൾ ഒഴിപ്പിക്കുന്നതിനായി പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും എത്തിയിരുന്നു. റോഡിൽ ഗതാഗത തടസ്സമുണ്ടാക്കിയ എരുമകളെ മാറ്റാൻ ഉടമകളോട് പൊലീസ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വാക്കുതർക്കം പെട്ടെന്ന് സംഘർഷത്തിലേക്ക് മാറി.

ഇതിനിടയിൽ, ഔട്ട്പോസ്റ്റ് ഇൻചാർജ് വിനയ് പട്ടേലിനെ ഒരു യുവാവ് ആക്രമിച്ചു. ഉദ്യോഗസ്ഥന്റെ കഴുത്തിൽ പിടിച്ച് നിലത്തിരുത്തുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ എരുമകളെ കെട്ടുന്ന ചങ്ങല ഉപയോഗിച്ച് അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തു.

ശാരീരികമായി കരുത്തനായ പൊലീസ് ഉദ്യോഗസ്ഥനെ, പ്രായത്തിൽ വളരെ ചെറുപ്പമായ ഒരു യുവാവ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ പൊലീസിനെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയെയും വിന്യസിച്ചു. അനധികൃത ഡയറി ഫാമുകളിൽ നിന്ന് ഏകദേശം 200 എരുമകളെ പിടിച്ചെടുത്ത് നഗരസഭയുടെ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഈ സംഭവത്തിൽ നിരവധി പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പേർ ഇതിനോടകം കസ്റ്റഡിയിലായി. ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.