Oddly News

‘ഞാൻ തറ തുടയ്ക്കുന്നു, പാത്രം കഴുകുന്നു, എന്നിട്ടും..,’; ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി

ഹരിയാനയിലെ ഫരീദാബാദിൽ ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും ക്രൂരമായ പീഡനം സഹിക്കാനാവാതെ ഇരുപത്തിയെട്ടുകാരനായ ബിസിനസുകാരൻ ജീവനൊടുക്കി. രാഹുൽ എന്ന യുവാവാണ് താൻ അനുഭവിച്ച കടുത്ത മാനസിക, ശാരീരിക പീഡനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച ശേഷം തൂങ്ങിമരിച്ചത്. ഭാര്യയും അവരുടെ കുടുംബവും തന്നെ ഒരു അടിമയെപ്പോലെയാണ് കരുതിയിരുന്നതെന്നും ക്രൂരമായി ദ്രോഹിച്ചിരുന്നെന്നും രാഹുൽ ഈ വീഡിയോയിൽ തുറന്നുപറയുന്നുണ്ട്.

ജ്യോതി എന്ന പ്രീതിയുമായി രണ്ടു വർഷം മുൻപായിരുന്നു രാഹുലിന്റെ വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ രാഹുലിനെ സ്വന്തം മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റാൻ ഭാര്യ ശ്രമിച്ചിരുന്നതായി യുവാവ് പറയുന്നു. ഒടുവിൽ ഭാര്യയുടെ കടുത്ത നിർബന്ധത്തിന് വഴങ്ങി രാഹുലിന് ഭാര്യവീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നു. തുടർന്ന് ഭാര്യവീടിന് സമീപം തന്നെ ഇയാൾ ഒരു തുണിക്കടയും ആരംഭിച്ചു.

എന്നാൽ ഭാര്യവീട്ടിൽ രാഹുലിന് കടുത്ത അവഗണനയും പീഡനവുമാണ് നേരിടേണ്ടി വന്നത്. വീട് അടിച്ചു വാരുന്നതും തുടയ്ക്കുന്നതുമുൾപ്പെടെയുള്ള എല്ലാ ജോലികളും അവരെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിച്ചു. ഇതിനു പുറമെ വളരെ നിസ്സാരമായ കാര്യങ്ങളുടെ പേരിൽ പോലും ഭാര്യയും വീട്ടുകാരും ചേർന്ന് രാഹുലിനെ മർദിക്കാറുണ്ടായിരുന്നു. ഭാര്യയെ കൂടാതെ അവരുടെ സഹോദരി നീതു, അമ്മ വീണ, അച്ഛൻ ബിട്ടു എന്നിവരും തന്നെ നിരന്തരം മർദിച്ചിരുന്നതായി രാഹുൽ വീഡിയോയിൽ ആരോപിക്കുന്നു.

തന്റെ മരണത്തിന് ഉത്തരവാദികളായ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും തന്റെ സ്വത്തുക്കൾ അമ്മയും സഹോദരങ്ങളും വീതിച്ചെടുക്കണമെന്നും രാഹുൽ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. സ്വന്തം തുണിക്കടയിൽ വെച്ചാണ് രാഹുൽ ഈ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടത്. വീഡിയോ കണ്ട ഉടൻ തന്നെ രാഹുലിന്റെ സഹോദരൻ കടയിലേക്ക് ഓടിയെത്തി പൂട്ട് തകർത്ത് അകത്തുകടന്നെങ്കിലും അപ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


“ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിനായി സർക്കാരിന്റെ സൌജന്യ ഹെൽപ്പ്‌ലൈൻ നമ്പറായ 1056 (ദിശ) എന്ന നമ്പറിലേക്ക് വിളിക്കുക.”

Leave a Reply

Your email address will not be published. Required fields are marked *