കൊളംബോ: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഏറ്റുമുട്ടും. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതലാണു മത്സരം.
വടക്കുകിഴക്കന്‍ കാലവര്‍ഷം കൊളംബോയെ തൊട്ടതിനാല്‍ മത്സരത്തിന് മഴ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊളംബോ നഗരത്തില്‍ കനത്ത മഴയായിരുന്നു. ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു.
പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണ്. പാകിസ്‌താനും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മികച്ച മൂവ്‌മെന്റ് ലഭിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാകിസ്‌താനെ അനായാസം തോല്‍പ്പിച്ചിരുന്നു. അന്നത്തെ സാഹചര്യമല്ലിന്ന്. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ഏഷ്യാ കപ്പിലേതു പോയെ ഇരു ടീമംഗങ്ങളും ഹസ്‌ത ദാനം നല്‍കില്ല. ഇന്ത്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍ പാകിസ്‌താന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റു. ഇന്നും തോറ്റാല്‍ പാകിസ്‌താന്‍ പുറത്താകും. ഇന്ത്യന്‍ നിരയില്‍ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകില്ല. പാകിസ്‌താന്‍ ഇയ്‌മാന്‍ ഫാതിമയെ ഉള്‍പ്പെടുത്തി ബാറ്റിങ് ശക്‌തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ലെഗ് സ്‌പിന്നര്‍ സൈദ അരൂബ് ഷായും പ്ലേയിങ് ഇലവനിലെത്തിയേക്കാം.
സാധ്യതാ ടീം: ഇന്ത്യ – പ്രതീക റാവല്‍, സ്‌മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (നായിക), ജെമീമ റോഡ്രിഗസ്, ദീപ്‌തി ശര്‍മ, റിച്ചാ ഘോഷ്, അമന്‍ജ്യോത് കൗര്‍, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
സാധ്യതാ ടീം: പാകിസ്‌താന്‍ – മുനീബ അലി, ഒമൈമ സൊഹൈല്‍, സിദ്ര അമിന്‍ , അലിയ റിയാസ്, ഫാത്തിമ സന (നായിക), രമീന്‍ ഷാമിം, ദിയാന ബെയ്‌ഗ്, സിദ്ര നവാസ്, നഷ്‌റ സന്ധു, സാദിയ ഇഖ്‌ബാല്‍.
മികച്ച ഫോമില്‍ കളിക്കുന്ന സിദ്ര അമിനിലാണു പാക് പ്രതീക്ഷ. മൂന്നാഴ്‌ചയ്‌ക്കിടെ രണ്ട് സെഞ്ചുറിയും (121, 122) ഒരു അര്‍ധ സെഞ്ചുറിയും (50) നേടാന്‍ സിദ്രയ്‌ക്കായി. ബംഗ്ലാദേശിനെതിരേ ആദ്യ പന്തില്‍ പുറത്തായിരുന്നു. ഫോമില്‍ കളിക്കുന്ന ഓഫ് സ്‌പിന്നര്‍ സ്‌നേഹ് റാണയാണ് ഇവിടെ ഇന്ത്യക്കു പ്രതീക്ഷ. പേസര്‍മാരെ തുണയ്‌ക്കുന്ന ഈ പിച്ചില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ റാണയ്‌ക്കായി. നാല് മത്സരങ്ങളിലായി 13 വിക്കറ്റാണു റാണ സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് വിക്കറ്റെടുത്ത റാണ, 28 റണ്ണുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്‌തു. ഇന്ത്യക്കെതിരേ നടന്ന 11 ഏകദിനങ്ങളിലും പാകിസ്‌താനു ജയിക്കാനായില്ല. ഇന്ത്യയുടെ മിക്ക ജയങ്ങളും (80 റണ്ണിനോ അഞ്ച് വിക്കറ്റിനോ) ആധികാരികവുമായി. കഴിഞ്ഞ ലോകകപ്പില്‍ 107 റണ്ണിനാണ് ഇന്ത്യ പാകിസ്‌താനെ തോല്‍പ്പിച്ചത്.




