മുംബൈ: പിതാവും സഹോദരന്മാരും ചേര്‍ന്നു കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിച്ച യുവതി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. തങ്ങളുടെ വിവാഹത്തിനു സമ്മതമാണെന്നു കുടുംബാംഗങ്ങള്‍ ഉറപ്പുനല്കിയിരുന്നെന്നും പിന്നീട് വഞ്ചിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ നന്ദേഡിലാണ് ഭിന്ന സമുദായക്കാരിയെ പ്രണയിച്ചതിന്റെ പേരില്‍ സാക്ഷാം ടേറ്റ് (20) എന്നയാളെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. എന്നാല്‍, എന്നാല്‍, യുവാവിന്റെ മൃതദേഹത്തെ വിവാഹം കഴിച്ചുകൊണ്ടാണ് കാമുകിയായ അഞ്ചല്‍ മാമിദ്വാര്‍ (21) മറുപടി നല്‍കിയത്.
സാക്ഷാമിനെ കൊലപ്പെടുത്താനായി തന്റെ സഹോദരന്മാരെ പ്രകോപിപ്പിച്ചവരില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരുമുണ്ടെന്നു അഞ്ചല്‍ പറഞ്ഞു. ‘ഞങ്ങള്‍ മൂന്ന് വര്‍ഷമായി ഒരുമിച്ചായിരുന്നു. ഞങ്ങളുടെ വിവാഹം നടത്താമെന്ന് എന്റെ സഹോദരന്മാര് എനിക്ക് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ ഞങ്ങളെ വഞ്ചിച്ചു. സഹോദരന്മാര് വഴിയല്ല, ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാക്ഷാമുമായി പരിചയപ്പെട്ടത്. എന്റെ കുടുംബാംഗങ്ങള്‍ സാക്ഷാമിനോട് നല്ല രീതിയില്‍ പെരുമാറുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു ഞങ്ങള്‍ക്കു യാതൊരു ധാരണയുമില്ലായിരുന്നു.’-യുവതി പറഞ്ഞു.
പ്രത്യേക പിന്നോക്ക വിഭാഗത്തില്‍പെട്ടയാളാണ് അഞ്ചല്‍. സാക്ഷാം ദളിത് വിഭാഗക്കാരനും. അഞ്ചലിന്റെ കുടുംബാംഗങ്ങള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
സാക്ഷാമിനെ കൊലപ്പെടുത്താനായി ധീരജ് കോമള്വാര്, മഹീത് അസര്വാര് എന്നീ രണ്ട് പോലീസുകാര്‍ തന്റെ സഹോദരന്മാരോട് ആവശ്യപ്പെട്ടതായും അഞ്ചല്‍ പറഞ്ഞു. ‘സാക്ഷാം കൊല്ലപ്പെട്ട ദിവസം രാവിലെ 11 മണിയോടെ, എന്റെ ഇളയ സഹോദരന് എന്നെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി സാക്ഷാമിനെതിരേ വ്യാജ പരാതി നല്കാന് ആവശ്യപ്പെട്ടു. ഞാന്‍ നിരസിച്ചു. ‘ആളുകളെ കൊന്നതിന് ശേഷവും നീ ഇവിടെ വരുന്നു. നിങ്ങളുടെ സഹോദരിയുമായി ബന്ധമുള്ള ആളെ എന്തുകൊണ്ട് കൊല്ലുന്നില്ല?’ എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ എന്റെ സഹോദരനോടു ചോദിച്ചത്. വൈകുന്നേരത്തോടെ അവനെ കൊന്നിട്ടുവരാം എന്നാണു സഹോദരന് മറുപടി നല്‍കിയത്. പോലീസുകാര്‍ ഇങ്ങനെ പെരുമാറിയാല്‍ ആളുകള്‍ എങ്ങനെ അവരെ വിശ്വസിക്കും.’- അഞ്ചല്‍ ചോദിച്ചു. സാക്ഷാമിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയുന്നു.
വ്യാഴാഴ്ച വൈകുന്നേരം, സാക്ഷാം തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് ഹിമേഷ് ആക്രമിച്ചത്. വെടിവച്ചതിനു പിന്നാലെ ടൈലുകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. സാക്ഷാം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹിമേഷ്, സഹോദരന് സാഹില്‍, പിതാവ് ഗജാനന്‍ മാമിദ്വാര്‍ എന്നിവരെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ജാതി കാരണമാണു സാക്ഷാം കൊല്ലപ്പെട്ടതെന്ന് അഞ്ചല്‍ പറഞ്ഞു. തങ്ങള്‍ ഗുണ്ടാസംഘങ്ങളാണെന്ന് അറിഞ്ഞിട്ടും മകളോട് സംസാരിക്കാന്‍ സാക്ഷാം എങ്ങനെ ധൈര്യപ്പെട്ടെന്നു അച്ഛനും സഹോദരന്മാരും ചോദിക്കുമായിരുന്നെന്നും അഞ്ചല്‍ പറഞ്ഞു. സാക്ഷാമിന്റെ കുടുംബം തന്നെ സ്വീകരിച്ചെന്നും താന്‍ ഇനി എന്നും അവരോടൊപ്പം ഉണ്ടാകുമെന്നും അഞ്ചല്‍ പറഞ്ഞു.




