Crime

ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേന ജോലി വാഗ്ദാനം; ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ 22.97 ലക്ഷം തട്ടിയ യുവതി അറസ്‌റ്റില്‍

ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ ഓണ്‍ലൈന്‍ വഴി 22.97 ലക്ഷം രൂപ തട്ടിയെ കേസിലെ പ്രതി അറസ്‌റ്റില്‍. അടൂര്‍ സ്വദേശിനിയായ അനിതാ മുരളീധരനാ (44) ണ്‌ അറസ്‌റ്റിലായത്‌. ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേനയാണ്‌ ഇവര്‍ പരാതിക്കാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്‌. തന്റെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്‌.

കഴിഞ്ഞ ജനുവരിയില്‍ പ്രതി, പരാതിക്കാരിയെ ബന്ധപ്പെടുകയും ജര്‍മ്മനിയില്‍ ജോലി തരപ്പെടുത്തുന്നതിനായി പണം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ ഓഗസ്‌റ്റ്‌ 11 വരെയുള്ള കാലയളവില്‍ 22.97 ലക്ഷം രൂപ തട്ടിയെടുത്തതായാണ്‌ പരാതി.

മാസങ്ങള്‍ കാത്തിരുന്നിട്ടും ജോലി ലഭിക്കാതായപ്പോള്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ്‌ തട്ടിപ്പാണെന്ന്‌ ബോധ്യപ്പെട്ടത്‌. തുടര്‍ന്ന്‌ പരാതിക്കാരി നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്‌ പോര്‍ട്ടലിന്റെ 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെട്ടു. തുടര്‍ന്ന്‌ ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ്‌ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഓഗസ്‌റ്റ്‌ 28 ന്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തിവരികയായിരുന്നു. പരാതിക്കാരിയില്‍നിന്നു അയച്ചുവാങ്ങിയ 22.97 ലക്ഷത്തില്‍ 5.87 ലക്ഷം രൂപ അനിതാ മുരളീധരന്റ പേരിലുള്ള ബാങ്ക്‌ അക്കൗണ്ടിലേക്കാണ്‌ നല്‍കിയത്‌.

പ്രതിയുടെ സുഹൃത്തായ സ്‌കോട്‌ലന്‍ഡ്‌ സ്വദേശി ഫ്രെഡ്‌ ക്രിസ്‌ എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ്‌ തന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണമയച്ചു വാങ്ങിയതെന്നും ഇയാള്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ ഉപയോഗിക്കുന്നതിനായി ബാങ്ക്‌ പാസ്‌ബുക്ക്‌, എ.ടി.എം കാര്‍ഡ്‌ എന്നിവ ഇയാള്‍ക്ക്‌ അയച്ചു കൊടുത്തിട്ടുള്ളതായും പരാതിക്കാരി പറഞ്ഞു. ഇയാളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന്‌ ആലപ്പുഴ സൈബര്‍ക്രൈം പോലീസ്‌ അറിയിച്ചു. പ്രതിയെ ആലപ്പുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എന്‍. ശ്രീരഞ്‌ജിത്‌ കൃഷ്‌ണന്‍ മുന്‍പാകെ ഹാജരാക്കി പതിനാലു ദിവസത്തേക്ക്‌ കൊട്ടാരക്കര സ്‌പെഷല്‍ ജയിലയിലിലേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.