ഇൻഡോർ: വിദ്യാഭ്യാസം ലഭിക്കാതെ ആരും ഈ ഗ്രാമത്തില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഒരദ്ധ്യാപകന്‍ നിരവധി കുട്ടികളുടെ ജീവിതത്തിൽ വെളിച്ചം നിറച്ചു. 43 വർഷം മുൻപ് ഇൻഡോറിലെ ഗാവ്ല ഗ്രാമത്തിൽ അധ്യാപകനായി തന്റെ ദൗത്യം ആരംഭിച്ച നൂർ ഖാൻ എന്ന അധ്യാപകന്റെ വിടവാങ്ങല്‍ ചടങ്ങിന്റെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നെറ്റിസൺസിന്റെ ഹൃദയത്തിലും ഇടം നേടി.
നൂർ ഖാൻ തന്റെ നിസ്വാർത്ഥമായ പ്രവൃത്തികളിലൂടെ ഗ്രാമത്തിൽ വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് തിരി കൊളുത്തി. മധ്യപ്രദേശിലെ ഇൻഡോർ ഡിവിഷനിലെ ഖാർഗോൺ ജില്ലക്കാരനായ നൂർ ഖാൻ എന്ന സർക്കാർ സ്കൂൾ അധ്യാപകന്റെ പ്രചോദനാത്മകമായ കഥയാണിത്.
വിടവാങ്ങൽ ചടങ്ങില്‍ ഗ്രാമവാസികൾ അദ്ദേഹത്തെ ആദരിക്കുന്നതും, പൂമാല അണിയിക്കുന്നതും, ഗ്രാമത്തിന് ചുറ്റും സഞ്ചരിക്കുമ്പോൾ അദ്ദേഹത്തെ അനുഗമിക്കുന്നതും വീഡിയോയിൽ കാണാം.
വികാരഭരിതനായ നൂർ ഖാന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.1980-കളുടെ അവസാനത്തിലാണ് ഖാന്റെ അധ്യാപക ജീവിതം ആരംഭിക്കുന്നത്. ദാരിദ്ര്യത്തോടും നിരക്ഷരതയോടും യാഥാസ്ഥിതിക ചിന്തകളോടും സമൂഹം പോരാടിക്കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, വിദ്യാഭ്യാസം എന്നത് പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
പഠനത്തോടൊപ്പം അച്ചടക്കവും ധാർമ്മികതയുമടക്കമുള്ള ജീവിതമൂല്യങ്ങൾ കൂടി വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു.അക്കാലത്ത് രക്ഷിതാക്കളിൽ നിന്ന് ഒരുപാട് എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അത് മറികടക്കാൻ അദ്ദേഹം വീടുതോറും കയറിയിറങ്ങി കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ അവരെ പ്രേരിപ്പിച്ചു. പല അധ്യാപകരെയും പോലെ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ അദ്ദേഹം അവഗണിച്ചില്ല. അവർക്ക് കൂടുതൽ സമയം നൽകി അവരുടെ കഴിവുകേടുകൾ പരിഹരിക്കാൻ അദ്ദേഹം സഹായിച്ചു.
അദ്ദേഹത്തിൻ്റെ വിടവാങ്ങൽ ചടങ്ങ് ഹൃദയസ്പർശിയായിരുന്നു – പൂമാലകളും, പ്രസംഗങ്ങളും, ആദരവുകളും, നന്ദി പ്രകടനങ്ങളും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണുനീരിൽ പ്രതിഫലിച്ചു. അദ്ദേഹത്തിന് വിട നൽകാനുള്ള സമയം വന്നപ്പോൾ, ഒരു അധ്യാപകന് യാത്രയയപ്പ് നൽകാൻ മാത്രമല്ല, ദുർബലമായ മനസ്സുകളെ രൂപപ്പെടുത്തിയ ഒരു ജീവിതത്തെ ആഘോഷിക്കാൻ കൂടിയാണ് ആ ഗ്രാമം മുഴുവൻ ഒത്തുകൂടിയത്. അദ്ദേഹത്തെപ്പോലുള്ള അധ്യാപകർ വെറും അദ്ധ്യാപകരല്ല, അവർ യഥാർത്ഥ രാഷ്ട്ര നിർമ്മാതാക്കളാണ്!




