Featured Sports

എന്നെ ഇഷ്ടപ്പെടുന്നു എന്നുവെച്ച് അയാളെ വെറുക്കേണ്ടതില്ല; മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ

ആധുനിക ഫുട്‌ബോളിനെ മാറ്റിമറിച്ചവരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും. ഇരുവരും ഒരു ലീഗില്‍ കളിച്ചിരുന്ന കാലത്ത് ആരാണ് കേമന്‍ എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വൈരത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടു ലീഗുകളിലേക്ക് കൂടു മാറിയപ്പോള്‍ തന്നെ അത് ഇല്ലാതായെന്നും ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ പറയുന്നു.

റൊണാള്‍ഡോ സൗദി അറേബ്യയിലും മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കറിലുമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചാറ്റിലാണ് മെസ്സിയുമായി ഉണ്ടായിരുന്ന മൈതാനത്തെ മത്സരത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ഫുട്ബോളിന്റെ ചരിത്രം മാറ്റുന്നതില്‍ തങ്ങളുടെ മത്സരം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മത്സരം എന്നെന്നേക്കുമായി അവസാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.

”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇഷ്ടപ്പെടുന്നവര്‍ മെസ്സിയെ വെറുക്കേണ്ടതില്ല. ഞങ്ങള്‍ രണ്ടുപേരും നന്നായി കളിച്ചു. ലോകം മുഴുവന്‍ ഞങ്ങളെ ബഹുമാനിക്കുന്നു, അതാണ് ഏറ്റവും പ്രധാനം.” തങ്ങള്‍ വേദികള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഞാന്‍ പറയുന്നില്ല. അയാളുമായി ഒരിക്കലും ഒരു അത്താഴം പോലും കഴിച്ചിട്ടില്ല. പക്ഷേ പ്രൊഫഷണല്‍ കരിയറില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരാണ്, അക്കാര്യത്തില്‍ പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു. റൊണാള്‍ഡോ പറഞ്ഞു.

800-ലധികം ഗോളുകള്‍ നേടിയ രണ്ട് കളിക്കാര്‍ റൊണാള്‍ഡോയും മെസ്സിയും മാത്രമാണ്, അവരുടെ കരിയറില്‍ 79 ട്രോഫികള്‍ ഒരുമിച്ച് നേടിയിട്ടുണ്ട്. രണ്ട് കളിക്കാരും ബഹുമാനിക്കപ്പെടുന്നുവെന്നും ഒരാളെ ഇഷ്ടപ്പെടുന്നവര്‍ മറ്റൊരാളെ വെറുക്കരുതെന്നും റൊണാള്‍ഡോ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന പോലെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ മത്സരം കാണികള്‍ ആസ്വദിച്ചുവെന്നും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.