Crime

ദൈവത്തെ എത്രയും വേഗം നേരിട്ടു കാണണം ; യുവതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

ഹൈദരാബാദ്: ദൈവവുമായി എത്രയും വേഗം നേരിട്ടു കണ്ടുമുട്ടാനായി യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഹിമായത് നഗറിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് ചാടിയത്. കൊല്ലപ്പെട്ടത് അരുണ്‍ കുമാര്‍ ജെയിനിന്റെ ഭാര്യയായ 43 കാരിയായ പൂജ ജെയിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, അതില്‍ ആത്മത്യാഗത്തിലൂടെ ദൈവത്തെ കണ്ടുമുട്ടാനുള്ള ചുവടുവെപ്പ് നടത്തുകയാണെന്ന് അവള്‍ എഴുതി. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് യുവതി ഈ കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആത്മീയതയുമായി ബന്ധപ്പെട്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം ഈ വര്‍ഷം ഇതാദ്യമല്ല.

2025 ആദ്യം നടന്ന മറ്റൊരു സംഭവത്തില്‍, ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പ്രിയാന്‍ഷ സോണി എന്ന 36 കാരിയായ സ്ത്രീ ആര്‍ത്തവം കാരണം നവരാത്രി ചടങ്ങുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മുകേഷ് സോണി ജോലിസ്ഥലത്തായിരുന്ന സമയത്ത് വീട്ടില്‍ വെച്ച് വിഷം കഴിച്ചതായി പോലീസ് പറഞ്ഞു. ആദ്യം ഝാന്‍സി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ അവര്‍ മരിച്ചു.

നവരാത്രിയുടെ ആദ്യ ദിവസം ആര്‍ത്തവം വന്നതിനെ തുടര്‍ന്ന് പ്രിയാന്‍ഷ അസ്വസ്ഥയായിരുന്നുവെന്നും ഉപവാസത്തിലോ പൂജയിലോ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഉത്സവത്തിനായി തയ്യാറെടുക്കുക യായിരുന്നുവെന്നും പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ വൈകാരികമായി അസ്വസ്ഥയാണെന്നും ഭര്‍ത്താവ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം നേരിടേണ്ടി വരുമ്പോള്‍ മാനസീക വിദഗ്ദ്ധരെ സമീപിക്കുക.)