Oddly News

ദ.കൊറിയയിലെ ഇന്ത്യൻ അമ്മയ്ക്ക് ഗർഭകാല സമ്മാനം 1.26 ലക്ഷം! ജനനനിരക്ക് കുറയുന്നതില്‍ സര്‍ക്കാരിന്റെ കരുതല്‍

ദക്ഷിണ കൊറിയയിലെ കുറയുന്ന ജനനനിരക്ക് കണക്കിലെടുത്ത്, അവിടുത്തെ സർക്കാർ പുതിയ അമ്മമാരെ പ്രോത്സാഹിപ്പിക്കാനും പ്രസവത്തെ പിന്തുണക്കാനും വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇപ്പോള്‍ ഒരു ഇന്ത്യൻ അമ്മയ്ക്ക് ദക്ഷിണ കൊറിയയിൽ പ്രസവിച്ചതിന് 1.26 ലക്ഷം രൂപ (ഏകദേശം $1,500) ലഭിച്ചതിനെക്കുറിച്ചുള്ള വാർത്തയാണ് വൈറലാവുന്നത്.

നേഹ അറോറ എന്ന ഈ യുവതി, തന്റെ ഗർഭകാല യാത്ര കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു ദക്ഷിണ കൊറിയൻ പൗരനെ വിവാഹം കഴിച്ച നേഹയ്ക്ക്, ഗർഭം സ്ഥിരീകരിച്ച ഉടൻ തന്നെ ചികിത്സാ പരിശോധനകൾക്കും മരുന്നുകൾക്കുമായി കൊറിയൻ സർക്കാർ 63,100 രൂപ നൽകി. കൂടാതെ, യാത്രാചെലവുകൾക്കായി 44,030 രൂപയും നൽകി.

കുറഞ്ഞ ജനനനിരക്ക് കാരണം, ദക്ഷിണ കൊറിയ പുതിയ അമ്മമാരെ പിന്തുണക്കാനും പ്രസവത്തെ പ്രോത്സാഹിപ്പിക്കാനും വിവിധ ആനുകൂല്യങ്ങൾ നൽകുന്നു. സർക്കാരിന്റെ പദ്ധതികളിൽ, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന ഒരുതവണ നൽകുന്ന ‘കൺഗ്രാജുലേഷൻസ് സബ്സിഡി’യും ഉൾപ്പെടുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കുട്ടികളെ വളർത്തുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 2,000,000 ദക്ഷിണ കൊറിയൻ വോൺ നൽകുന്നു.

കൂടാതെ, 0-5 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്നതിനായി അമ്മമാർക്കും നവജാതശിശുക്കൾക്കും ശിശുപരിപാലന സേവനങ്ങളും നൽകുന്നുണ്ടെന്ന് മന്ത്രാലയം പറയുന്നു.കൊറിയയിൽ പ്രസവാനന്തര പരിചരണത്തിന് വലിയ പ്രാധാന്യമുണ്ട്. ‘സാൻഹുജോറിയോൺ’ (പോസ്റ്റ്പാർട്ടം കെയർ സെന്ററുകൾ), ‘സാൻഹുഡൗമി’ (വീട്ടിലെ പരിചാരകർ) തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വിശ്രമം, ഭക്ഷണം, പേരന്റിങ് ക്ലാസുകൾ, കുഞ്ഞിനെ പരിചരിക്കാനുള്ള സഹായങ്ങൾ എന്നിവ ‘സാൻഹുജോറിയോണി’ൽ ലഭിക്കുന്നു.

അതേസമയം, ‘സാൻഹുഡൗമി’ പുതിയ അമ്മമാരെ വീട്ടിൽ കുഞ്ഞിനെ പരിചരിക്കാനും വീട്ടുകാര്യങ്ങളിൽ സഹായിക്കാനും സഹായിക്കുന്നു. പോഷകാഹാരത്തിനായി മിയോക്ക് ഗൂക്ക് (കടൽപ്പായൽ സൂപ്പ്) കഴിക്കുക, മുലയൂട്ടലിന് പിന്തുണ നൽകുക തുടങ്ങിയ പരമ്പരാഗത രീതികളും ഇപ്പോഴും പിന്തുടരുന്നുണ്ട്.

വീഡിയോ സോഷ്യൽ മീഡിയ ധാരാളം പ്രതികരണങ്ങള്‍ക്ക് കാരണമായി. “ഇന്ത്യൻ സർക്കാർ ഗർഭിണിയാകുന്നതിന് പണം നൽകാൻ തുടങ്ങിയാൽ, ജനസംഖ്യ പെട്ടെന്ന് ഒരു ട്രില്യൺ കടക്കും,” ഒരു ഉപയോക്താവ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.”കൊറിയയിലെ ജനനനിരക്ക് കുറയുന്നത് കാരണം ഇത് നല്ല കാര്യമാണ്,” മറ്റൊരാൾ എഴുതി.”നവജാതശിശുക്കൾക്ക് 3k മുതൽ 6k വരെ പണം നൽകുന്ന ഒരു സംവിധാനം ഇന്ത്യയിലുമുണ്ട്. പക്ഷേ എല്ലാവർക്കും അതിനെക്കുറിച്ച് അറിയില്ല. ഗർഭിണിയായി മൂന്നാം മാസം തന്നെ സ്വയം രജിസ്റ്റർ ചെയ്യണം.