Oddly News

ഭക്തിയോ ചൂഷണമോ? തീർത്ഥാടകനെ ചുമന്നു നാലുപേർ; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച!

ശബരിമലയിലെ ഡോളി സര്‍വീസുപോലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് മനുഷ്യർ മനുഷ്യനെ തോളിലേറ്റി ചുമന്നുകൊണ്ടുപോകുന്ന ആചാരം ധാർമ്മികമായി ശരിയാണോ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ച . ജുനഗഢിലെ ഒരു തീർത്ഥാടന പാതയിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ വൈറലായതോടെയാണ് ഈ വിഷയം വീണ്ടും ശ്രദ്ധനേടിയത്. വീഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇതുയർത്തുന്ന ചർച്ചകൾ എങ്ങും പടരുകയാണ്.

മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള കുത്തനെയുള്ള പടവുകളിലൂടെ നാലുപേർ ചേർന്ന് ഒരു ഭക്തനെ പല്ലക്കിൽ ചുമന്നുകൊണ്ട് വളരെ ബുദ്ധിമുട്ടി കയറുന്നതാണ് വീഡിയോയിലുള്ളത്. റോപ് വേ പോലുള്ള സാങ്കേതികവിദ്യകള്‍ വളർന്ന ഈ കാലഘട്ടത്തിൽ ഇത്തരം രീതികൾ ഇനിയും തുടരണമോ എന്ന് വീഡിയോ കണ്ട പലരും ചോദിക്കുന്നു.

“ഇതൊക്കെ കാണുമ്പോൾ ദൈവത്തിന് എന്ത് തോന്നും?” എന്ന ചോദ്യത്തോടെയാണ് ഒരാൾ ഈ വീഡിയോ പങ്കുവെച്ചത്. “നാലുപേർക്ക് തൊഴിൽ ലഭിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് ദയവായി ഇതിനെ ന്യായീകരിക്കരുത്” എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. എന്നാൽ പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ ശാരീരിക ബുദ്ധിമുട്ടുകളെ താൻ വിമർശിക്കുന്നില്ലെന്നും, പകരം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ചുമക്കുന്ന ഈ രീതിയെ മാത്രമാണ് എതിർക്കുന്നതെന്നും വീഡിയോ പങ്കുവെച്ചയാൾ വ്യക്തമാക്കി.

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞുള്ള ചർച്ചകളാണ് നടക്കുന്നത്. ഉപജീവനത്തിനായി ഒരാളുടെ ഭാരം മുഴുവൻ ചുമക്കേണ്ടി വരുന്നത് മനുഷ്യന്റെ ആത്മാഭിമാനത്തിന് ചേർന്നതല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. റോപ്‌വേകളും ഇലക്ട്രിക് വാഹനങ്ങളും ലഭ്യമായ സ്ഥലങ്ങളിലെങ്കിലും ഇത്തരം രീതികൾ അവസാനിപ്പിച്ചൂടെ എന്ന് ഇവർ ചോദിക്കുന്നു. എന്നാൽ ഇതിനെ കേവലം ഒറ്റപ്പൊരുളിൽ കണ്ട് വിമർശിക്കരുതെന്നും മറ്റ് പല വശങ്ങൾ കൂടി ചിന്തിക്കേണ്ടതുണ്ടെന്നുമാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *