Featured Sports

മികച്ച റേറ്റിങ്‌ പോയിന്റുമായി ട്വന്റി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമത്‌

ദുബായ്‌: ഇന്ത്യയുടെ ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ട്വന്റി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തെത്തി. 818 പോയിന്റോടെ താരം കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത്‌.

ട്വന്റി20യില്‍ ഉയര്‍ന്ന റേറ്റിങ്‌ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ്‌ വരുണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയിലെ മികച്ച പ്രകടനമാണു വരുണിനെ ഒന്നാമനാക്കിയത്‌. ഏറ്റവും കൂടുതല്‍ റേറ്റിങ്‌ നേടിയവരുടെ ആദ്യ പത്തില്‍ ഇടംപിടിക്കാനും വരുണിനായി. ഒന്നാം സ്‌ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡിന്റെ പേസര്‍ ജേക്കബ്‌ ഡഫിയെ മറികടന്നാണു വരുണിന്റെ കുതിപ്പ്‌. 818 എന്ന തകര്‍പ്പന്‍ റേറ്റിങ്‌ പോയിന്റാണ്‌ വരുണിന്‌. പരമ്പരയിലെ ആദ്യ മൂന്ന്‌ മത്സരങ്ങളില്‍നിന്ന്‌ ആറ്‌ വിക്കറ്റുക്‌ളാണു വരുണ്‍ നേടിയത്‌. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ നാല്‌ ഓവറില്‍ നിന്ന്‌ 11 റണ്‍ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റുകളെടുത്തിരുന്നു. 2.75 എന്ന എക്കേണമിയിലാണ്‌ താരം പന്തെറിഞ്ഞതത്‌. മറ്റൊരു ചരിത്ര നേട്ടത്തിലെത്താനും വരുണ്‍ ചക്രവര്‍ത്തിക്ക്‌ സാധിച്ചു.

ഏറ്റവും കൂടുതല്‍ ബൗളിങ്‌ റാങ്കിങ്‌ സ്വന്തമാക്കുന്ന ആദ്യ പത്ത്‌ താരങ്ങളുടെ പട്ടികയില്‍ എട്ടാമനാണ്‌ ഇന്ത്യന്‍ സ്‌പിന്നര്‍. 2017 ഫെബ്രുവരി ഒന്നിന്‌ 783 റേറ്റിങ്‌ പോയിന്റ്‌ നേടിയ ജസ്‌പ്രീത്‌ ബുറംയായിരുന്നു വരുണിനു മുമ്പ്‌ ഇന്ത്യയുടെ മികച്ച ട്വന്റി20 റേറ്റിങുള്ള ബൗളര്‍. സെപ്‌റ്റംബറില്‍ നടന്ന ഏഷ്യാ കപ്പിനിടെയാണു വരുണ്‍ ആദ്യമായി ഒന്നാം സ്‌ഥാനത്തെത്തുന്നത്‌. ജേക്കബ്‌ ഡഫിയെക്കാള്‍ (699) 119 പോയിന്റ്‌ മുന്നിലാണ്‌ വരുണ്‍ ചക്രവര്‍ത്തി. ഏറ്റവും കൂടുതല്‍ ബൗളിങ്‌ റാങ്കിങ്‌ സ്വന്തമാക്കുന്ന ആദ്യ പത്ത്‌ താരങ്ങളുടെ പട്ടികയില്‍ പാകിസ്‌താന്റെ ഉമര്‍ ഗുല്ലാണ്‌ ഒന്നാമന്‍. 865 റേറ്റിങ്‌ പോയിന്റാണ്‌ ഉമര്‍ ഗുല്‍ സ്വന്തമാക്കിയത്‌.