Featured Sports

പ്രായമായില്ല, ചേട്ടന്മാർക്കൊപ്പമല്ല, ഇംഗ്ലണ്ട് പരമ്പരയിൽ വൈഭവിന് പ്രത്യേകം ഡ്രസിങ് റൂം: കാരണം ഇതാണ്

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വാഗ്ദാനമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് ദേശീയ സീനിയർ ടീമിലേക്ക് വിളി എത്തിയിരിക്കുകയാണ്. 2026 ഐപിഎല്ലിലെ മിന്നും പ്രകടനമാണ് അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവിന് ഇടം നേടിക്കൊടുത്തത്. ഈ മത്സരങ്ങളിൽ കളത്തിലിറങ്ങിയാൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം വൈഭവിന് സ്വന്തമാകും. എന്നാൽ, പ്രായപൂർത്തിയാകാത്തതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവിന് പ്രത്യേക മുറി അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ‘ദ് ഗാർഡിയൻ’ പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഐസിസിയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെയും (ഇസിബി) സുരക്ഷാ നിയമങ്ങൾ അനുസരിച്ച് 16 വയസ്സിൽ താഴെയുള്ള കളിക്കാർ മുതിർന്ന താരങ്ങളുടെ ചേഞ്ചിങ് റൂം ഉപയോഗിക്കാൻ പാടില്ല. ഇതിനാൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം വൈഭവിന് വസ്ത്രം മാറാൻ പ്രത്യേക സൗകര്യം ഒരുക്കും. കൂടാതെ യാത്രയിലുടനീളം മാതാപിതാക്കളും ഒപ്പമുണ്ടാകും. ടീമിന്റെ തന്ത്രപരമായ ചർച്ചകളിലും ഡ്രസ്സിങ് റൂമിലെ മറ്റ് ഒത്തുചേരലുകളിലും വൈഭവിന് പങ്കെടുക്കാമെങ്കിലും, മത്സരത്തിന് മുൻപും ശേഷവും വസ്ത്രം മാറുന്ന സമയത്ത് മാത്രമായിരിക്കും ഈ നിയന്ത്രണം ഏർപ്പെടുത്തുകയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സ്കൂൾ വിദ്യാർഥിയായ ഒരു പതിനഞ്ചുകാരനെ മുതിർന്ന കളിക്കാരുടെ ലോകത്തേക്ക് സാവധാനം വേണം കൊണ്ടുവരാൻ എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഈ മാസം അവസാനം തുടങ്ങുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവിനൊപ്പം മാതാപിതാക്കളെക്കൂടി അയക്കാനുള്ള ബോർഡിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി സീനിയർ ടീമുകളിൽ ഇത്രയും ചെറിയ പ്രായമുള്ള കളിക്കാർ ഉണ്ടാകാറില്ലെന്നും, വർഷങ്ങൾക്ക് മുൻപ് സച്ചിൻ തെൻഡുൽക്കർക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ പ്രായത്തിൽ ഒരാൾ ഇന്ത്യൻ ടീമിലെത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വളരെ ചെറിയ പ്രായത്തിൽ വലിയൊരു ടീമിന്റെ ഭാഗമാകുമ്പോൾ സ്വാഭാവികമായും കുട്ടിക്ക് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അതിനാൽ മറ്റു കളിക്കാരുമായും ടീം മാനേജ്‌മെന്റുമായും പൊരുത്തപ്പെടാൻ മാതാപിതാക്കളുടെ സാന്നിധ്യം വൈഭവിനെ സഹായിക്കുമെന്ന് ബിസിസിഐ കരുതുന്നു. ഈ തീരുമാനം വൈഭവിനുള്ള മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പുതിയ സാഹചര്യങ്ങളുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരാനും ഉപകരിക്കുമെന്നാണ് ബോർഡിന്റെ വിശ്വാസമെന്നും സൈകിയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *