ചെന്നൈ ∙ തമിഴ് ചലച്ചിത്ര താരം രവി മോഹന്റെ ചെന്നൈയിലെ വീട്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വിലയുള്ള വജ്രമാലയും നാലായിരം രൂപയും കാണാതായി. മോഷണം ആരോപിച്ച് തടഞ്ഞുവെച്ച വീട്ടുജോലിക്കാരെ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു. തിങ്കളാഴ്ച ജോലിക്ക് പോയ ജീവനക്കാർ തിരികെ എത്തിയില്ലെന്ന് കാണിച്ച് പൊലീസ് കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നീലാങ്കരൈ പൊലീസ് നടന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്.
രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയുമാണ് വീട്ടിൽ തടഞ്ഞു വച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെങ്കിൽ നിയമപരമായി പൊലീസിലാണ് പരാതിപ്പെടേണ്ടതെന്നും, അല്ലാതെ ആളുകളെ തടഞ്ഞുവെച്ച് സ്വന്തം നിലയിൽ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇടപെട്ട് ജോലിക്കാരെയും കുട്ടിയെയും അവിടെനിന്നും മാറ്റി. ഇതിന് പിന്നാലെ, മോഷണക്കുറ്റം ആരോപിച്ച് രവി മോഹന്റെ മാനേജർ ജോലിക്കാർക്കെതിരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് നടൻ രവി മോഹൻ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നടനോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ മാധ്യമങ്ങളോട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.




