Featured Good News

60-ാം വയസ്സിൽ ഇരട്ടക്കുട്ടികൾ, 76-ലും തളരാത്ത പോരാട്ടം! ഏറ്റവും പ്രായം കൂടിയ അമ്മയുടെ അതിജീവന കഥ

കുടുംബത്തിലുണ്ടായ വലിയ ദുരന്തങ്ങളെ അതിജീവിച്ച്, തന്റെ അറുപതാം വയസ്സിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ചൈനയിലെ ഏറ്റവും പ്രായം കൂടിയ അമ്മയായ 76-കാരി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇവരുടെ ജീവിതം ദൃശ്യവൽക്കരിച്ച ചിത്രങ്ങൾക്ക് അടുത്തിടെ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചതോടെയാണ് ഷെങ് ഹൈലിൻ എന്ന ഈ വൃദ്ധ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.

തന്റെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രത്യാശയും പ്രചോദനവും നൽകുന്ന സോഷ്യൽ മീഡിയ തരംഗമായി ഷെങ് ഇപ്പോൾ മാറിയിരിക്കുന്നു. ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള ഇവർക്ക് ഇപ്പോൾ പത്തുലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.
2009-ൽ ഷെങ്ങിന്റെ ഏക മകളായ ടിംഗ്ടിംഗും അവളുടെ ഭർത്താവും കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ച് മരണപ്പെട്ടിരുന്നു.

മകളുടെ വേർപാടിൽ തകർന്നുപോയ ഷെങ്, ആ ഏകാന്തതയിൽ നിന്ന് രക്ഷപെടാൻ വേണ്ടി അടുത്ത വർഷം തന്റെ 60-ാം വയസ്സിൽ ഐ.വി.എഫ് (IVF) ചികിത്സയ്ക്ക് വിധേയയായി. ആ പ്രായത്തിലെ ഗർഭധാരണം ഏറെ അപകടങ്ങൾ നിറഞ്ഞതായിരുന്നു. ശരീരമാകെ നീരുവെക്കുകയും കഠിനമായ രക്തസ്രാവം ഉണ്ടാവുകയും ചെയ്തെങ്കിലും, 2010-ൽ അവർ സിഷി, ഹുയിഹുയി എന്നീ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. അതോടെ ആ സമയത്ത് ചൈനയിൽ പ്രസവിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീയായി അവർ മാറി.

ഈ കുട്ടികൾ ഷെങ്ങിനും ഭർത്താവിനും മാതാപിതാക്കളാകാനുള്ള രണ്ടാമതൊരു അവസരം നൽകിയെങ്കിലും, അവരുടെ പ്രായവും സാമ്പത്തികാവസ്ഥയും കുട്ടികളുടെ ഭാവിയും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി വലിയ ചർച്ചകൾ ഉയർന്നു വന്നു. വിരമിക്കുന്നതിന് മുൻപ് ഷെങ് ഒരു ആശുപത്രിയുടെ ഡയറക്ടറും ഭർത്താവ് സർവകലാശാല പ്രൊഫസറുമായിരുന്നു. എങ്കിൽപോലും കുട്ടികളെ വളർത്താനും അവർക്ക് മികച്ച വിദ്യാഭ്യാസമടക്കം നൽകാനുമുള്ള ചെലവുകൾ ആ കുടുംബത്തിന് വലിയ ഭാരമായി മാറി. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഉറപ്പിച്ച ഷെങ്, രാജ്യമുടനീളം സഞ്ചരിച്ച് ആരോഗ്യത്തെയും പോഷകാഹാരത്തെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്താൻ തുടങ്ങി. അതിലൂടെ ലഭിച്ച വരുമാനം കൊണ്ട് മക്കൾക്ക് മികച്ച വിദ്യാഭ്യാസവും ഒപ്പം നൃത്തവും പിയാനോയും പഠിക്കാനുള്ള അവസരവും അവർ ഒരുക്കി.

എന്നാൽ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ആ സമാധാനം അധികനാൾ നീണ്ടുനിന്നില്ല. 2016-ൽ ഭർത്താവിന് പക്ഷാഘാതം വരികയും, 2022-ൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. മൂത്ത മകളുടെ കല്ലറയ്ക്ക് സമീപമാണ് അദ്ദേഹത്തെ അടക്കിയത്. തൊട്ടടുത്ത വർഷം, ഒരു സ്ത്രീയുടെ വ്യാജ നിക്ഷേപ പദ്ധതികളിൽ പെട്ട് ഷെങ്ങിന് 2,95,000 യു.എസ് ഡോളർ നഷ്ടമായി.

എന്നിട്ടും സ്വയം ഒരു ‘ധീരയായ സ്ത്രീ’ എന്ന് വിശേഷിപ്പിക്കുന്ന ഷെങ് തോറ്റുകൊടുക്കാൻ തയ്യാറായില്ല. തന്റെ 73-ാം വയസ്സിൽ മക്കളുടെ ഭാവി സമ്പാദ്യത്തിനായി അവർ തത്സമയ വീഡിയോകളിലൂടെ (Live-streaming) ഉൽപ്പന്നങ്ങൾ വിൽക്കാൻ തുടങ്ങി. സോഷ്യൽ മീഡിയയിലൂടെ അവർ കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള അറിവുകളും പാചകക്കുറിപ്പുകളും പങ്കുവെക്കുകയും, ആരോഗ്യ ഉൽപ്പന്നങ്ങളും ഗൃഹോപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു. ആരാധകർ ഇപ്പോൾ അവരെ സ്നേഹത്തോടെ ‘അമ്മ ഷെങ്’ എന്നാണ് വിളിക്കുന്നത്. പ്രായമാകുന്നതിന്റെയും പ്രിയപ്പെട്ടവരുടെ വേർപാടിന്റെയും വേദന അനുഭവിക്കുന്ന മാതാപിതാക്കൾക്ക് അവരിപ്പോൾ ഒരു കരുത്താണ്.

തന്റെ കൗമാരക്കാരായ മക്കളുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് അവർ തുറന്നുപറയാറുണ്ട്. മനസ്സിന് പ്രായമാകാതെ സൂക്ഷിക്കാനും അവരുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കാനും പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാനും താൻ ശ്രമിക്കാറുണ്ടെന്ന് അവർ പറയുന്നു. ഒരു അമ്മയായതിൽ താൻ എപ്പോഴും അഭിമാനിക്കുന്നുവെന്നും, 100 വയസ്സിലധികം ജീവിച്ചിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ ഒരിക്കൽ പറയുകയുണ്ടായി.

താൻ തിരഞ്ഞെടുത്ത ഈ വഴി എല്ലാവർക്കും അനുകരിക്കാൻ എളുപ്പമല്ലെന്നും അതിന് അറിവും ആരോഗ്യവും നിരന്തരം സമ്പാദിക്കാനുള്ള ശേഷിയും ആവശ്യമാണെന്നും അവർ സമ്മതിക്കുന്നു. എങ്കിലും ഏത് സാഹചര്യത്തിലുള്ള അമ്മമാരും സ്വന്തമായി ജീവിക്കാനുള്ള ധൈര്യം കണ്ടെത്തണമെന്നാണ് അവരുടെ ആഗ്രഹം. അവരുടെ കഥ കണ്ട ഒരു സ്ത്രീ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു: “എനിക്കും മധ്യവയസ്സിൽ എന്റെ കുട്ടിയെ നഷ്ടപ്പെട്ടിരുന്നു, പിന്നീട് ഞാൻ മറ്റൊരു കുഞ്ഞിന് ജന്മം നൽകി. ഒരുപാട് സങ്കടവും അലച്ചിലും ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഷെങ്ങിന്റെ ജീവിതം കണ്ടതിന് ശേഷമാണ് എനിക്ക് എന്റെ ജീവിതം വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങാൻ കഴിയുമെന്ന വിശ്വാസം വന്നത്.”

Leave a Reply

Your email address will not be published. Required fields are marked *