Crime

കട്ടപ്പനയിലെ കള്ളന്റെ മൊഴി; മന്ത്രവാദം, പിതാവും നവജാതശിശുവും കൊല ചെയ്യപ്പെട്ടു?

ഇടുക്കി: മോഷ്ടാവിനെ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചത് അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിലേയ്ക്ക് വഴിതുറക്കുന്ന വിവരങ്ങളെന്ന് സൂചന. ഇയാളുടെ കാണാതായ പിതാവും നവജാതശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസിന്റെ സംശയം. മന്ത്രവാദവും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണ കേസിലെ പ്രതികളെ പിടികൂടിയത്. നെല്ലാനിക്കൽ വിഷ്ണു (27), സുഹൃത്ത് നിതിൻ എന്നിവരായിരുന്നു പിടിയിലായത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും വിഷ്ണുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

വിഷ്ണുവിന്റെ പിതാവ് വിജയനെ കുറെ കാലംമുന്‍പ് കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകി . വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയെന്നും ആണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. പ്രതിയുടെ ബന്ധുക്കളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐ യും സംഘവും വീട്ടില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ ആസ്വഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി. തുടർന്ന് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കൊലപാതകം നടന്നതായും മൃതദേഹം വീടിന്റെ പരിസരത്ത് മറവു ചെയ്തതായും ഉള്ള സൂചനകൾ പുറത്തു വരുന്നുണ്ട്. വീടിനുള്ളിൽ മന്ത്രവാദം നടന്നതായിട്ടാണ് സൂചന. വീടിന്റെ പരിസരത്ത് നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ പോലീസ് കാവലിലാണ് ഈ വീടും പരിസരവും.