മരണം എപ്പോഴും മനുഷ്യനിൽ ഭയം ജനിപ്പിക്കുന്ന ഒന്നാണ്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കളും പ്രിയപ്പെട്ട ബന്ധങ്ങളും ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ച് പോകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ നമ്മുടെ മരണം എപ്പോഴാണെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിലോ? ശാസ്ത്രലോകം പറയുന്നത് മരണത്തിന് ഏഴു ദിവസം മുൻപ് തന്നെ ശരീരം ചില സൂചനകൾ നൽകുമെന്നാണ്.
ശരീരത്തിലും മനസ്സിലും പ്രകടമാകുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠനങ്ങൾ നടത്തിവരികയാണ്. ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, മരണത്തിലേക്ക് അടുക്കുന്ന രോഗികൾക്ക് അനുഭവപ്പെടുന്ന ഈ പ്രത്യേക അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. മരണത്തിന് മുൻപ് ചിലർക്ക് ഉണ്ടാകുന്ന ഈ തിരിച്ചറിവ് ജൈവശാസ്ത്രപരവും ന്യൂറോളജിക്കൽ പരവുമായ സിഗ്നലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും പതുക്കെയാകാൻ തുടങ്ങും. ഡോക്ടർമാരുടെയും പാലിയേറ്റീവ് കെയർ വിദഗ്ധരുടെയും അഭിപ്രായത്തിൽ, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ശരീരം ഊർജ്ജം സംരക്ഷിക്കുന്ന അവസ്ഥയിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇതിനാൽ മരണത്തോട് അടുക്കുന്ന വ്യക്തിക്ക് വിശപ്പും ദാഹവും കുറയുകയും ദഹനപ്രക്രിയ മന്ദഗതിയിലാവുകയും ചെയ്യുന്നു.
അവസാന ദിവസങ്ങളിൽ രോഗിയുടെ ശ്വാസമെടുപ്പിൽ വലിയ മാറ്റങ്ങൾ പ്രകടമാകും. ശ്വസനം ചിലപ്പോൾ വളരെ വേഗത്തിലോ അല്ലെങ്കിൽ വളരെ പതുക്കെയോ ആയേക്കാം. ചില സമയങ്ങളിൽ ശ്വാസമെടുപ്പ് ഇടവിട്ട് വരുന്ന അവസ്ഥയെ ഡോക്ടർമാർ ‘ചെയിൻ-സ്റ്റോക്സ് ശ്വസനം’ (Cheyne-Stokes respiration) എന്ന് വിളിക്കുന്നു. കൂടാതെ ശ്വാസനാളത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് കാരണം തൊണ്ടയിൽ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടാം, ഇതിനെ ‘ഡെത്ത് റാറ്റിൽ’ (Death Rattle) എന്നാണ് പറയുന്നത്.
ശരീരത്തിലെ ഊർജ്ജം പൂർണ്ണമായി കുറയുന്നത് കൊണ്ട് ഈ സമയങ്ങളിൽ വ്യക്തി ദിവസത്തിൽ ഭൂരിഭാഗം സമയവും ഉറക്കത്തിലായിരിക്കും. ഉറക്കമുണർന്നാൽ പോലും കടുത്ത ക്ഷീണം അനുഭവപ്പെടുകയും സംസാരിക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ പോലും ബുദ്ധിമുട്ട നേരിടുകയും ചെയ്യും. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ സ്വഭാവത്തിലും ചിന്തകളിലും പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കും. പലപ്പോഴും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത രീതിയിലാകും ഇവർ സംസാരിക്കുന്നത്.
ചിലർ തങ്ങളുടെ മുന്നിൽ ഇല്ലാത്ത കാര്യങ്ങൾ കാണുന്നതായും കേൾക്കുന്നതായും പറയാറുണ്ട്. തലച്ചോറിലെ ഓക്സിജന്റെ കുറവ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ അല്ലെങ്കിൽ മസ്തിഷ്ക പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് ഇതിന് കാരണം എന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നു. മരണത്തിന് ഏകദേശം ഒരാഴ്ച മുൻപ് ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ ക്ഷയിച്ചു തുടങ്ങും.
അതുകൊണ്ടാണ് ശാരീരികമായ തളർച്ചയും മാനസികമായ ആശയക്കുഴപ്പവും പ്രിയപ്പെട്ടവരിൽ നിന്നുള്ള വൈകാരികമായ അകൽച്ചയും ഒരേസമയം പ്രകടമാകുന്നത്. ചുരുക്കത്തിൽ, മരണത്തെ ഭയത്തോടെ കാണുന്നതിന് പകരം, അത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജൈവിക പ്രക്രിയയാണെന്ന് മനസ്സിലാക്കി സഹിഷ്ണുതയോടെയും കരുതലോടെയും സമീപിക്കുകയാണ് വേണ്ടത്.




