Health

കാഴ്‌ച തിരിച്ചുനല്‍കും; മണല്‍ത്തരി വലിപ്പമുള്ള ചിപ്പ്‌!

ലണ്ടന്‍: കാഴ്‌ച നഷ്‌ടപ്പെട്ടവര്‍ക്കു പ്രതീക്ഷയായി മണല്‍ത്തരി വലിപ്പമുള്ള ചിപ്പ്‌. വാര്‍ധക്യത്തെ തുടര്‍ന്നുണ്ടാകുന്ന മാക്കുലാര്‍ ഡിജനറേഷന്‍(എ.എം.ഡി) ബാധിച്ചവര്‍ക്കാകും പുതിയ ചിപ്പ്‌ ആശ്വാസമാകുക.
കണ്ണിന്റെ പിന്‍ഭാഗത്ത്‌ ഘടിപ്പിക്കുന്ന ചെറിയ ചിപ്പ്‌, ക്യാമറ ഘടിപ്പിച്ച ഒരു പ്രത്യേക ഓഗ്‌മെന്റഡ്‌ റിയാലിറ്റി (എ.ആര്‍) ഗ്ലാസ്‌, ടിവി റിമോട്ട്‌ കണ്‍ട്രോളിന്റെ വലിപ്പമുള്ള കമ്പ്യൂട്ടര്‍ എന്നിവ ചേര്‍ന്നാണു കാഴ്‌ച മടക്കി നല്‍കുന്നത്‌.
മൂര്‍ഫീല്‍ഡ്‌സ്‌ ഐ ഹോസ്‌പിറ്റലിലെ രോഗിയായ ഷീല ഇര്‍വിനാണ്‌ പുതിയ സംവിധാനത്തിലൂടെ ആദ്യം കാഴ്‌ച വീണ്ടെടുത്തവരില്‍ ഒരാള്‍.
നിര്‍മിത കാഴ്‌ചയുടെ ചരിത്രത്തിലെ ഒരു ‘പുതിയ യുഗം’ത്തിനു തുടക്കമാകുകയാണെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി കോളജ്‌ ലണ്ടനിലെ നേത്രരോഗവിദഗ്‌ധന്‍ പ്രഫസര്‍ മാഹി മുഖിത്‌ പറഞ്ഞു.
0.03 മില്ലീമീറ്റര്‍ കനം മാത്രമാണു ചിപ്പിനുള്ളത്‌. അത്‌ മനുഷ്യരുടെ മുടിയുടെ വീതിയുടെ ഏകദേശം പാതിയോളമേ ഉണ്ടാകൂ.
കാലിഫോര്‍ണിയ ആസ്‌ഥാനമാക്കിയുള്ള സയന്‍സ്‌ കോര്‍പ്പറേഷനാണു ചിപ്പ്‌ നിര്‍മിച്ചത്‌. എലോണ്‍ മസ്‌കിന്റെ ന്യൂറലിങ്കുമായി സഹകരിച്ചിട്ടുള്ള മാക്‌സ്‌ ഹോഡാകാണ്‌ ആ കമ്പനി സ്‌ഥാപിച്ചത്‌.
രണ്ട്‌ മണിക്കൂറില്‍ താഴെ മാത്രം നീണ്ടുനില്‍ക്കുന്ന ശസ്‌ത്രക്രിയയിലൂടെയാണു ചിപ്പ്‌ കണ്ണിന്റെ റെറ്റിനയില്‍ ഘടിപ്പിക്കുന്നത്‌. റെറ്റിനയാണു പ്രകാശത്തെ തിരിച്ചറിഞ്ഞ്‌ തലച്ചോറിലേക്ക്‌ സിഗ്നലുകളായി മാറ്റുന്നത്‌.
രോഗികള്‍ക്കു നല്‍കുന്ന കണ്ണടയില്‍ ഒരു ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്‌. ഇതാണു ദൃശ്യങ്ങള്‍ സ്വീകരിക്കുന്നത്‌. ദൃശ്യ വിവരങ്ങള്‍ കണ്ണടയില്‍നിന്നു കമ്പ്യൂട്ടറിലേക്ക്‌ കൈമാറും. തുടര്‍ന്നു ദൃശ്യങ്ങളെ കമ്പ്യൂട്ടര്‍ പ്രോസസ്‌ ചെയ്യും. അങ്ങനെ ലഭിക്കുന്ന ഇന്‍ഫ്രാറെഡ്‌ സിഗ്നലുകള്‍ കണ്ണടയിലേക്ക്‌ തിരിച്ച്‌ അയയ്‌ക്കും. അവിടെനിന്നു രോഗിയുടെ കണ്ണിലെ ചിപ്പിലേക്ക്‌ പ്രോജ്‌ക്‌ട്‌ ചെയ്യും. പതിക്കുന്ന ഇന്‍ഫ്രാറെഡ്‌ പ്രകാശത്തെ ചിപ്പ്‌ വൈദ്യുത സിഗ്നലുകളായി മാറ്റും. ആ സിഗ്നലുകള്‍ കണ്ണിലെ കോശങ്ങളിലൂടെ തലച്ചോറിലേക്ക്‌ എത്തുകയും അവിടെ കാഴ്‌ചയായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.ടിവി റിമോട്ട്‌ പോലെ തോന്നിക്കുന്ന കമ്പ്യൂട്ടറിലെ സൂം ഫീച്ചര്‍ ഉപയോഗിച്ച്‌ അക്ഷരങ്ങള്‍ വലുതാക്കാന്‍ രോഗികള്‍ക്ക്‌ കഴിയും.
വിവിധ രാജ്യങ്ങളിലായി 17 ആശുപത്രികളിലെ 38 രോഗികളിലാണു പരീക്ഷണം നടത്തിയത്‌. എല്ലാവര്‍ക്കും എ.എം.ഡി. കാരണം പൂര്‍ണമായി കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു.( പ്രകാശത്തെ തിരിച്ചറിയുന്ന റെറ്റിന കോശങ്ങള്‍ നശിച്ചുപോകുന്നതുമൂലം ഉണ്ടാകുന്ന അവസ്‌ഥയാണ്‌ എ.എം.ഡി.).
ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഏകദേശം ഒരു മാസത്തിനു ശേഷം, പുതിയ ചിപ്പ്‌ പ്രവര്‍ത്തനക്ഷമമാക്കി.
ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഒരു വര്‍ഷത്തിനു ശേഷം, പങ്കെടുത്തവരില്‍ 84 ശതമാനം (32 ല്‍ 27 പേര്‍) ‘കാഴ്‌ചയില്‍ ഗണ്യമായ പുരോഗതി’ ഉണ്ടായതായി ഗവേഷകരെ അറിയിച്ചു. 2027 ല്‍ പുതിയ ചിപ്പ്‌ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.