Crime

ജീവനൊടുക്കി 11കാരി: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടർന്നെന്ന് സ്കൂൾ അധികൃതർ

ടെക്സസിൽ കഴിഞ്ഞ മാസം ജോസ്‌ലിൻ റോജോ കരാൻസ എന്ന 11 കാരി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത പെൺകുട്ടിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ജോസ്ലിനെ ഒരു കുടുംബാംഗം ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നാണ് ജോസ്ലിൻ പഠിച്ച യുഎസിലെ സ്‌കൂൾ അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ജോസ്ലിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ പേരിൽ സഹപാഠികളിൽ ചിലർ അവളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗെയ്‌നസ്‌വില്ലെ ഇൻഡിപെൻഡന്റ് സ്‌കൂൾ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കുടുംബാംഗത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ജോസ്ലിൻ ജീവനൊടുക്കിയതെന്ന വാദവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയത്..

എന്നാൽ സ്കൂൾ അധികൃതരുടെ ഈ വാദം ജോസ്ലിന്റെ അമ്മ നിഷേധിക്കുകയായിരുന്നു. “ഈ കണ്ടെത്തലുകൾ ഒന്നും ശരിയല്ല,” എന്നായിരുന്നു ജോസ്ലിന്റെ അമ്മ മാർബെല്ല കരാൻസയുടെ വെളിപ്പെടുത്തൽ.

ലൈംഗികാതിക്രമത്തെ കുറിച്ച് മകളോട് എപ്പോഴും സംസാരിച്ചിരുന്നുവെന്നും തന്റെ ശരീരത്തിൽ മറ്റാരെയും തൊടാൻ അനുവദിക്കരുതെന്നും 11 വയസ്സുകാരിയോട് പറഞ്ഞിരുന്നതായും കരാൻസ പറഞ്ഞു. താൻ ഒരു അഭിഭാഷകനെ നിയമിച്ചിട്ടുണ്ടെന്നും ജില്ല അധികാരികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും കരാൻസ സൂചിപ്പിച്ചു.

കുടുംബത്തിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസ് കാരണം തന്റെ സ്‌കൂളിൽ പരിഹസിക്കപ്പെട്ടതിനാലാണ് മകൾ തന്റെ ജീവനെടുത്തതെന്ന് നേരത്തെ മിസ് കരാൻസ അവകാശപ്പെട്ടിരുന്നു. അവളുടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിനെ (ഐസിഇ) വിളിക്കുമെന്ന് സഹപാഠികൾ ഭീഷണിപ്പെടുത്തിയിരുന്നതയും കരാൻസ വ്യക്തമാക്കി.

തന്റെ സ്കൂൾ ബസിൽ ഒരു വിദ്യാർത്ഥി ഐസിഇയെ കുറിച്ചും ഒരു കൂട്ടം ഹിസ്പാനിക് കുട്ടികളോട് നാടുകടത്തുന്നതിനെ കുറിച്ചും അഭിപ്രായം പറഞ്ഞതായി മിസ് കരാൻസ പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു, അത് ശെരിയായിരുന്നു എന്നു ബസ് ഡ്രൈവറും സ്ഥിരീകരിച്ചു. ജോസ്‌ലിൻ റോജോ ചർച്ചയുടെ ഭാഗമായിരുന്നില്ലെങ്കിലും അവൾ അതെല്ലാം കേട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഫെബ്രുവരി 4 ന് ജോസ്ലിൻ റോജോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തു. മകളുടെ മരണത്തിന് സ്‌കൂളിനെ കുറ്റപ്പെടുത്തിയ കരാൻസ മകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയിക്കാതെ സ്കൂൾ അനാസ്ഥ കാണിച്ചതിനാൽ തനിക്ക് നീതി വേണമെന്നും പറഞ്ഞു.

ഈ സമയത്താണ് ജോസ്‌ലിൻ റോജോയും അവളുടെ ഒരു സഹോദരനും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വിദ്യാർഥികളിൽ ചിലർ സ്‌കൂൾ അധികൃതരോട് പറഞ്ഞത്. ഒരു കുടുംബാംഗം അവളെ ദുരുപയോഗം ചെയ്തതായി അവൾ തങ്ങളോട് പറഞ്ഞിരുന്നു എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

സംഭവത്തിൽ സ്കൂൾ സൂപ്രണ്ട് ഡെസ്‌മോണ്ടസ് സ്റ്റുവർട്ട് പറയുന്നതിങ്ങനെ , “ഒരു കുടുംബാംഗം തന്നെ ദുരുപയോഗം ചെയ്തതായി ജോസ്‌ലിൻ റോജോ തങ്ങളോട് സൂചിപ്പിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി നിരവധി കുട്ടികളാണ് രംഗത്തെത്തിയത്”. ഈ കാര്യം രഹസ്യമായി സൂക്ഷിക്കണമെന്ന് ജോസ്ലിൻ അവരോട് പറഞ്ഞതായും വിദ്യാർത്ഥികൾ മൊഴി നൽകിയെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

കൂടാതെ, ജോസ്‌ലിൻ റോജോ മുമ്പ് തന്റെ ബന്ധുവിനോട് താൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നും ജില്ല ഭരണകൂടം കണ്ടെത്തി. എന്നിരുന്നാലും, തന്റെ മകൾക്ക് തെറാപ്പി ലഭിക്കുന്നുണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മിസ് കരൻസ പറഞ്ഞു. ഫെബ്രുവരി 8 നാണ് ജോസ്‌ലിൻ റോജോ ആത്മഹത്യ ചെയ്തത്