Crime

പോക്കറ്റ് മണിക്കായി കഞ്ചാവ് കാരിയര്‍ ? 37 കിലോയുമായി വിദ്യാർഥിനിയടക്കം യുവതികൾ പിടിയിൽ

എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ്‌ വേട്ട. 37 കിലോ കഞ്ചാവുമായി രണ്ടു സ്‌ത്രീകള്‍ പിടിയില്‍. ബംഗാളിൽനിന്ന് ട്രോളി ബാഗിൽ കടത്തിയ കഞ്ചാവുമായി ബിരുദ വിദ്യാർഥിനിയടക്കം രണ്ട് യുവതികൾ പിടിയിലായി.

പശ്‌ചിമ ബംഗാളിലെ മുര്‍ഷിദാബാദ്‌ സ്വദേശിനികളായ സോണിയ സുല്‍ത്താന്‍, അനിത കാതൂണ്‍ എന്നിവരാണു പിടിയിലായത്‌. ഇവരെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ്‌ സ്‌റ്റേഷനിലേക്കു മാറ്റി. ഇന്നലെ രാവിലെ പത്തോടെ ഐലന്‍ഡ്‌ എക്‌സ്പ്രസിലാണ്‌ ഇരുവരും മുര്‍ഷിദാബാദില്‍ നിന്നെത്തിയത്‌. മൂന്നു ട്രോളി ബാഗിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്‌. ഇതു വാങ്ങാനുള്ളവരെകാത്ത്‌ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോഴാണ്‌ രണ്ടുപേരും വലയിലായത്‌.

രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. പോക്കറ്റ് മണിക്കായാണ് കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞത്.

ആര്‍.പി.എഫ്‌, ക്രൈം ഇന്റലിജന്‍സ്‌ ബ്രാഞ്ച്‌, ഡാന്‍സാഫ്‌ സംഘം സംയുക്‌തമായി നടത്തിയ പരിശോധനയിലാണു കഞ്ചാവ്‌ കണ്ടെത്തിയത്‌. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലുടനീളം പരിശോധനകള്‍ നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ റെയില്‍വേ സ്‌റ്റേഷനിലും തെരച്ചില്‍ വ്യാപകമാക്കിയത്‌.