Featured Sports

അയ്യോ… ഇത്‌ നമ്മുടെ രണതുംഗയല്ലേ ? അമ്പരപ്പിക്കുന്ന മാറ്റത്തോടെ ശ്രീലങ്കന്‍ ലോകകപ്പ്‌ ക്യാപ്‌റ്റന്‍

കൊളംബോ: ശ്രീലങ്കയ്‌ക്ക് ലോകകപ്പ്‌ നേടിക്കൊടുത്ത ക്യാപ്‌റ്റന്‍ അര്‍ജുന രണതുംഗയുടെ അടുത്തിടെ ഇറങ്ങിയ ഗ്രൂപ്പ്‌ ഫോട്ടോ കണ്ട്‌ ഞെട്ടി ആരാധകവൃന്ദം.
അടുത്തിടെ തമിഴ്‌ യൂണിയന്റെ 125-ാം വാര്‍ഷികാഘോഷത്തില്‍ മുന്‍ സഹതാരങ്ങളായ സനത്‌ ജയസൂര്യ, അരവിന്ദ ഡി സില്‍വ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്കൊപ്പമാണ്‌ രണതുംഗ എത്തിയത്‌. ഒരു ചുവന്ന കുര്‍ത്തയാണ്‌ അദ്ദേഹം ധരിച്ചിരുന്നത്‌. എന്നാല്‍ ചടങ്ങിലെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയപ്പോള്‍ ചില ആരാധകര്‍ക്ക്‌ ശ്രീലങ്കയുടെ ഇതിഹാസ നായകനെ തിരിച്ചറിയാന്‍ സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, താരത്തിന്റെ അമ്പരപ്പിക്കുന്ന രൂപമാറ്റം തന്നെ.
ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്തില്‍നിന്നു വിഭിന്നമായി ഒരുപാട്‌ മെലിഞ്ഞാണ്‌ താരം പൊതുവേദിയില്‍ എത്തിയത്‌. സനത്‌ ജയസൂര്യ പങ്കുവച്ച ഗ്രൂപ്പ്‌ ഫോട്ടോ വൈറലായതോടെ താരത്തിന്റെ ആരോഗ്യസ്‌ഥിതിയെക്കുറിച്ചു വരെ ആശങ്കകള്‍ പരന്നു.
ആ ചുവന്ന കുര്‍ത്തയിലുള്ളത്‌ അര്‍ജുന സര്‍ ആണോ, അദ്ദേഹത്തിന്‌ എന്തുപറ്റി? രണതുംഗയെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല, അര്‍ജുന എല്ലാവരേക്കാളും 20 വയസ്‌ ചെറുപ്പമായി തുടങ്ങിയ വര്‍ണനകളാണ്‌ ചിത്രത്തിനു താഴെ നിറഞ്ഞത്‌.2000 ജൂലൈയിലാണ്‌ അര്‍ജുന രണതുംഗ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലാണ്‌ താരം, അവസാനമായി ശ്രീലങ്കന്‍ ജഴ്‌സി അണിഞ്ഞത്‌.
1996-ലെ ഏകദിന ലോകകപ്പില്‍ അര്‍ജുന രണതുംഗയുടെ ക്യാപ്‌റ്റന്‍സിയിലാണ്‌ ശ്രീലങ്ക ജേതാക്കളായത്‌. ഫൈനലില്‍ ഓസ്‌ട്രേലിയയെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ചാണ്‌ ശ്രീലങ്ക ചാംപ്യന്മാരായത്‌. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച രണതുംഗ, സിംഹള ഉറുമയ പാര്‍ട്ടിയില്‍ അംഗമായിരുന്നു.