അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതിരുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. നഷ്ടപ്പെടുത്തിയ ക്യാച്ചുകള്‍ക്കും വലിച്ചെറിഞ്ഞ വിക്കറ്റുകള്‍ക്കും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലില്‍ കണക്കുപറയേണ്ടി വന്നു. പയ്യെപ്പയ്യെ തിന്നുതിന്നു ഓസീസ് വിജയം നേടിയപ്പോള്‍ അവസാനം വരെ പൊരുതി മടങ്ങുക എന്ന ചരിത്രം പ്രോട്ടീസ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 2012 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഉജ്വലമായി തന്നെ തിരിച്ചടിച്ചെങ്കിലും ഒരിക്കല്‍ കൂടി ലോകകപ്പ് സെമിഫൈനല്‍ പോലെയുള്ള മത്സരത്തില്‍ അവര്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ പോയി.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതല്‍ പിഴച്ചപ്പോള്‍ തുണയായത് ഡേവിഡ് മില്ലര്‍ മാത്രമാണ് 116 പന്തുകള്‍ നേരിട്ട മില്ലര്‍ 101 റണ്‍സ് എടുത്തു. എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പറത്തി ലോകകപ്പ് നോക്കൗട്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരവുമായി മില്ലര്‍ മാറി. ബാറ്റിംഗില്‍ 47 റണ്‍സ് എടുത്ത ക്ലാസനും ഒഴിച്ചാല്‍ ആരും തിളങ്ങിയല്ല.
മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയയ്ക്കും വന്‍ തിരിച്ചടിയാണ് കിട്ടിയത്. 62 റണ്‍സ് എടുത്ത ട്രാവിസ് ഹെഡ് ഒഴിച്ചാല്‍ ആര്‍ക്കും കാര്യമായ സ്‌കോര്‍ നേടാനായില്ല. ഓസീസിന് തുണയായത് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ്. ലോകകപ്പിന് ശേഷം വിരമിക്കാനിരിക്കുന്ന മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്റന്‍ ഡീകോക്കിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമായിരിക്കും മൂന്ന് ക്യാച്ചുകളാണ് ഡീകോക്ക് കൈവിട്ടത്.




