Crime

ഭര്‍ത്താവുമായി സെക്സ് ഉണ്ടാകാതിരിക്കാന്‍ പ്രത്യേക കരുതല്‍, സോനം രഘുവംശിയുടെ ‘പ്ലാൻ ബി’ !

ഹണിമൂണിനിടെ മേഘാലയയിൽ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും നടത്തിയ വിദഗ്ദമായ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തുന്നതില്‍ ക്വട്ടേഷന്‍സംഘത്തിന് എന്തെങ്കിലും പാളിച്ചപറ്റിയാല്‍ ‘പ്ലാൻ ബി’ എന്ന നിലയില്‍ താന്‍ തന്നെ കൃത്യം നടത്താമെന്ന് സോനം പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കാനെന്ന വ്യാജേന മലമുകളില്‍നിന്ന് ഭര്‍ത്താവിനെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതി. “വിശാലിനും ആനന്ദിനും ആകാശിനും രാജയെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ, ഫോട്ടോ എടുക്കുന്നതിനിടയിൽ ഞാൻ അവനെ മലയുടെ മുകളില്‍നിന്ന് തള്ളിയിടും,” സോനം തന്റെ കാമുകനും ഗൂഢാലോചനയിൽ പങ്കാളിയുമായ രാജ് കുശ്വാഹയോട് പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍, ‘പ്ളാന്‍ എ’ തെറ്റിയല്ല. മുന്‍കൂട്ടി ആസൂത്രണംചെയ്തതുപോലെ ക്വട്ടേഷന്‍സംഘം തന്നെ രാജാ രഘുവംശിയെ കൊലപ്പെടുത്തി.

രാജാ രഘുവംശിയുമായുള്ള വിവാഹംകഴിഞ്ഞ് മൂന്നുദിവസത്തിനുള്ളിലാണ് സോനവും കാമുകനും കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചത്. ഇക്കാലയളവില്‍ ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധം ഒഴിവാക്കാനും സോനം ശ്രദ്ധിച്ചിരുന്നു. ശാരീരികബന്ധത്തിലേര്‍പ്പെടാതിരിക്കാന്‍ ഭര്‍ത്താവിനെ അവര്‍ നിര്‍ബന്ധിച്ച് ക്ഷേത്രദര്‍ശനങ്ങള്‍ക്ക് കൊണ്ടുപോയി . മേഘാലയയിലേക്ക് പോകുന്നതിനുമുമ്പ് കാമാഖ്യ ക്ഷേത്രം സന്ദർശിക്കാൻ സോനം ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു.

ദാമ്പത്യജീവിതത്തില്‍ ഐശ്വര്യമുണ്ടാകാന്‍ ക്ഷേത്രദര്‍ശനം നല്ലതാണെന്നും അതിനാല്‍ ഈ സമയത്ത് ശാരീരികബന്ധം പാടില്ലെന്നും അയാളെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് സോനം തന്നെയാണ് മേഘാലയ യാത്രയ്ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതെന്നും പൊലീസ് പറയുന്നു. രാജ രഘുവംശിയുടെ തലയിൽ മൂർച്ചയുള്ള വസ്തു കൊണ്ട് രണ്ടുതവണ അടിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടെന്ന് ഈസ്റ്റ് ഖാസി ഹിൽസ് എസ്പി വിവേക് ​​സീയം പറഞ്ഞു.

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടക്കംമുതലേ പൊലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു. ഇതിനിടെ, യുവതി കൊലയാളികളായ മൂന്നുപേരുമായി സംസാരിക്കുന്നതിന്റെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് സോനവും വാടക കൊലയാളികളും പരസ്പരം സംസാരിച്ചുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തത്.

പിന്നാലെ, സോനത്തിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ രാജ് കുശ്വ എന്നയാളുമായി യുവതി അടുപ്പത്തിലാണെന്ന വിവരവും സ്ഥിരീകരിച്ചു. ഇതോടെയാണ് സോനം രഘുവംശിയെ പിടികൂടാനായി ‘ഓപ്പറേഷന്‍ ഹണിമൂണ്‍’ എന്ന പേരില്‍ ജൂണ്‍ ഏഴാം തീയതി മുതല്‍ മേഘാലയ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്.