Featured Sports

അഭിഷേകിനോ തിലകിനോ പകരം സഞ്ജുവിനെ കളിപ്പിക്കാനോ? ഹ..ഹഹ…’: ചിരിച്ചുതള്ളി സൂര്യ; അപമാനിച്ചെന്ന് ആരാധകർ– വീഡിയോ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ വിവാദത്തിലേക്ക്.

ഫോമില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്‌ക്കോ, ബാറ്റിംഗ് വേഗത കുറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്ന തിലക് വർമയ്‌ക്കോ പകരം മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള സൂര്യകുമാറിന്റെ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്.

ചോദ്യം കേട്ടയുടനെ ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ സൂര്യകുമാർ, അഭിഷേകിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത് എന്ന് തിരിച്ചു ചോദിച്ചതാണ് സഞ്ജു ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായത്. ഈ ചിരിയും ചോദ്യവും സഞ്ജുവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഒരു ക്യാപ്റ്റൻ കാണിക്കേണ്ട മാന്യത സൂര്യകുമാർ കാണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്.

വാർത്താസമ്മേളനത്തിൽ അഭിഷേക് ശർമയ്ക്കും തിലക് വർമയ്ക്കും ക്യാപ്റ്റൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് തനിക്ക് ആശങ്കയെന്നും, താരം സ്വന്തം ശൈലിയിൽ തന്നെ ബാറ്റ് ചെയ്യണമെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെന്നും സൂര്യകുമാർ വ്യക്തമാക്കി. അഭിഷേക് പരാജയപ്പെട്ടാൽ അത് നികത്താൻ ബാക്കി താരങ്ങൾ ഒപ്പമുണ്ടെന്നും മുൻപ് താരം ടീമിനായി മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിലക് വർമയുടെ ബാറ്റിംഗ് വേഗത കുറഞ്ഞത് ടീം മാനേജ്‌മെന്റിന്റെ കൃത്യമായ നിർദ്ദേശപ്രകാരമാണെന്നും, വിക്കറ്റുകൾ വീണാൽ പത്താം ഓവർ വരെ ഇന്നിങ്സ് നങ്കൂരമിട്ടു കൊണ്ടുപോകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സൂര്യകുമാർ ന്യായീകരിച്ചു. പവർപ്ലേയിൽ ടീം മികച്ച രീതിയിൽ റൺസ് കണ്ടെത്തുന്നുണ്ടെന്നും ദ്വിരാഷ്ട്ര പരമ്പരകളിലെ മികവ് ആവർത്തിച്ച് വലിയ സ്കോറുകൾ നേടാനാകുമെന്നും ക്യാപ്റ്റൻ പ്രത്യാശ പ്രകടിപ്പിച്ചു.

എങ്കിലും സഞ്ജുവിന്റെ കാര്യത്തിലുള്ള സൂര്യകുമാറിന്റെ പരിഹാസരൂപേണയുള്ള മറുപടി എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്ലെയിങ് ഇലവനിൽ മാറ്റമില്ലെന്ന് മാന്യമായ രീതിയിൽ പറയാമായിരുന്നിട്ടും സഞ്ജുവിനെ എന്തിനാണ് തമാശയാക്കി മാറ്റിയതെന്നാണ് ആരാധകർ ചോദിക്കുന്നത്.

സഹതാരങ്ങളായ അഭിഷേകിനും തിലകിനും വേണ്ടി സഞ്ജുവിനെ അനാദരിച്ചുവെന്നും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എല്ലാവരോടും തുല്യമായ നീതി പുലർത്തണമെന്നും ആരാധകർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആവശ്യപ്പെടുന്നു. വീഡിയോ പുറത്തുവന്നതോടെ സൂര്യകുമാറിന്റെ സമീപനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *