കാല്‍ നൂറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ ഈ ഗെയിമിലെ ഒട്ടുമിക്ക റെക്കോഡുകളും പേരിലാക്കിയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇതിഹാസമായി മാറിയത്. ആരാധകര്‍ അദ്ദേഹത്തെ ക്രിക്കറ്റിന്റെ ദൈവം എന്നും വിളിക്കുന്നു. എന്നാല്‍ അസാധാരണ മികവ് കാട്ടുന്ന നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്റെ ഒപ്പമെത്തിയ വിരാട് കോഹ്ലി ഒരു ശതകം കൂടി നേടിയാല്‍ സച്ചിന്റെ ലോക റെക്കോഡ് മറികടക്കും. ഇന്ത്യയുടെ യുവതാരം ഗില്ലും ഇപ്പോള്‍ സച്ചിന്റെ നേട്ടം മറികടന്നിരിക്കുകയാണ്. ഏകദിന ലോകറാങ്കിംഗില്‍ ഒന്നാമത് എത്തിയാണ് ഗില്‍ സച്ചിനെ പിന്നിലാക്കിയത്. ഇരുപത്തഞ്ചാം വയസ്സില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമത് എത്തുമ്പോള്‍ സച്ചിനായിരുന്നു ഐസിസിയുടെ ടോപ്പ് റാങ്കിംഗില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. എന്നാല്‍ ഗില്‍ അത് മറികടന്നു. പുതിയ റാങ്കിംഗില്‍ ഒന്നാമത് എത്തിയ ഗില്‍ സച്ചിന്റെ പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരനെന്ന റെക്കോഡാണ് മറികടന്നത്. 24 ാം വയസ്സില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഗില്‍ മുന്നിലെത്തി.
സച്ചിന്‍, എംഎസ് ധോണി, കോഹ്ലി എന്നിവര്‍ക്ക് ശേഷം ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 92 റണ്‍സ് നേടിയാണ് ഗില്‍ ഒന്നാം സ്ഥാനം നേടിയത്.
ബൗളര്‍മാരുടെ പട്ടികയിലും മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇരട്ടി സന്തോഷം. കഴിഞ്ഞയാഴ്ച ഒന്നാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദിയെയാണ് സിറാജ് മറികടന്നത്. 694 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജിനേക്കാള്‍ 709 റാങ്കിംഗ് പോയിന്റുകള്‍ മുന്നിലാണ് സിറാജിന് ഇപ്പോള്‍.