വിവാഹജീവിതത്തിലെ പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ. ഒരു സ്ത്രീ തന്റെ ഭർത്താവിനെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ രണ്ട് വർഷമായി താൻ നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിക്കാൻ ഭർത്താവ് തന്നെ ലാപ്ടോപ്പ് ഉപയോഗിച്ച് രഹസ്യമായി പകർത്തിയതാണ് ഈ ദൃശ്യങ്ങൾ എന്ന് പറയപ്പെടുന്നു.
കടുത്ത തർക്കത്തിനിടെ യുവതി ഭർത്താവിനെ തല്ലുന്നതും മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുന്നതും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിക്കാൻ മുതിരുന്നതും വീഡിയോയിൽ കാണാം. “കഴിഞ്ഞ രണ്ട് വർഷമായി പീഡനം അനുഭവിക്കുന്ന സഹോദരൻ ലാപ്ടോപ്പിൽ പകർത്തിയ ദൃശ്യങ്ങൾ; വിവാഹം കഴിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുക” എന്ന മുന്നറിയിപ്പോടെയാണ് ഈ ദൃശ്യങ്ങൾ എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പലരും ഭർത്താവിനോട് സഹതാപം പ്രകടിപ്പിക്കുമ്പോൾ, മറ്റു ചിലർ വിവാഹം എന്ന വ്യവസ്ഥയെത്തന്നെ ഭീതിയോടെയാണ് കാണുന്നത്. ഇത് സ്ത്രീസമത്വമല്ലെന്നും മറിച്ച് മംഗല്യസൂത്രത്തിന്റെ മറവിൽ നടക്കുന്ന ഗാർഹിക ഭീകരതയാണെന്നും ചിലർ വിമർശിച്ചു. ഇത്തരം സംഭവങ്ങൾ എല്ലാ സ്ത്രീകളെയും മോശക്കാരായി ചിത്രീകരിക്കാൻ കാരണമാകുന്നുണ്ടെങ്കിലും, പുരുഷന്മാർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഈ വീഡിയോ കാരണമായിട്ടുണ്ട്. കുടുംബബന്ധങ്ങളിലെ അക്രമങ്ങൾ അത് ആർക്കെതിരെയായാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ആളുകളും.




