Travel

‘നരബലി’ക്കായി തോക്കുമായി പിരമിഡ് കയറി; വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം, ഒടുവിൽ സ്വയം വെടിവെച്ച് മരിച്ചു- വീഡിയോ

മെക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ തിയോതിവാക്കൻ പിരമിഡുകളിൽ തോക്കുധാരി വെടിയുതിർക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒരാളുടെ മരണത്തിനും 13 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഈ ആക്രമണം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

വിനോദസഞ്ചാരികൾ പിരമിഡ് ഓഫ് ദി മൂണിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ, ഒരാൾ പെട്ടെന്ന് പിരമിഡിന് മുകളിലേക്ക് കയറി വെടിയുതിർക്കുന്നത് വീഡിയോയിൽ കാണാം. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ സഞ്ചാരികൾ ജീവൻ രക്ഷിക്കാനായി താഴേക്ക് ഓടുന്നതും നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശം സംഘർഷഭരിതമാകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഹുലിയോ സിസാർ ജാസോ റാമിറെസ് എന്ന 27-കാരനായ മെക്സിക്കൻ സ്വദേശിയാണ് വെടിവെപ്പ് നടത്തിയത്. ഇയാൾ പിന്നീട് സംഭവസ്ഥലത്ത് തന്നെ സ്വയം വെടിവെച്ച് മരിച്ചു. രാവിലെ 11:30-ഓടെ പിരമിഡിന് മുകളിൽ നിരവധി സഞ്ചാരികൾ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം. ആദ്യം ആകാശത്തേക്ക് വെടിയുതിർത്ത തോക്കുധാരി പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് നേരെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഏഴുപേർക്കും തിക്കിലും തിരക്കിലും പെട്ട് ആറുപേർക്കുമാണ് പരിക്കേറ്റത്.

കൊല്ലപ്പെട്ടത് കാനഡയിൽ നിന്നുള്ള സഞ്ചാരിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അമേരിക്ക, കൊളംബിയ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. പുരാതന തിയോതിവാക്കൻ നാഗരികതയിലെ നരബലി ആചാരങ്ങളിൽ ആകൃഷ്ടനായ അക്രമി, അത് പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ‘ബലി’ എന്ന വാക്ക് ആക്രോശിച്ചുകൊണ്ടാണ് ഇയാൾ വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രശസ്തമായ ഈ പുരാവസ്തു കേന്ദ്രം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഭീതിയിലാഴ്ത്തിയ ഈ സംഭവം മെക്സിക്കോയിലെ വിനോദസഞ്ചാര മേഖലയുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.