തൃശൂര്‍: കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ്, പകരം പഴയ സംവാദ പരിപാടിയായ ‘എസ്ജി കോഫി ടൈംസ്’ വീണ്ടും ആരംഭിക്കാൻ സുരേഷ് ഗോപി. ‘എസ്ജി കോഫി ടൈംസ്’ വീണ്ടും തുടങ്ങുമെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി ഇക്കാര്യം സ്ഥിരീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി ആയിരുന്നു എസ്ജി കോഫി ടൈംസ്.
കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്നു ബിജെപിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന നിലയ്ക്കാണ് ‘എസ് ജി കോഫി ടൈംസ്’ പദ്ധതിയിട്ടിരിക്കുന്നത്. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുക, പരിഹാരം കണ്ടെത്തുക എന്നിവയാണ് ലക്ഷ്യം. തൃശൂരിനു പുറത്ത് പരിപാടി കാണാൻ സാധ്യതയില്ല.
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും വരുന്നു – എസ്ജി കോഫി ടൈംസ് എസ്ജി കോഫി ടൈംസ് മടങ്ങിവരുന്നു. ആശയങ്ങൾ പാകംചെയ്യുന്ന, മനസ്സുകൾ ഒന്നാകുന്ന, നമുക്കെല്ലാം പ്രിയപ്പെട്ട തൃശൂരിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്ന ഒരിടം. വീണ്ടും ഒന്നിച്ചു കൂടാം – ചിന്തകളും പ്രതീക്ഷകളും പങ്കുവയ്ക്കാൻ. തൃശൂരിന്റെ വികസനം മാത്രം ലക്ഷ്യമാക്കി.




