Crime

ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി; ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങിയ ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.
ലഖ്‌നൗവിലെ സരോജിനഗറിലാണു സംഭവം.

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിമല്‍ എന്നയാളും സുഹൃത്തുക്കളും ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വിമല്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കഴിഞ്ഞ മാസം പത്തിനു രാത്രി പത്തുമണിയോടെ മകള്‍ വീടുവിട്ടിറങ്ങിയതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു സ്‌കോര്‍പിയോയിലെത്തിയ വിമല്‍ കുട്ടിയെ ഐ.ഐ.എം. റോഡിലുള്ള ഹോട്ടലിലേക്കു കൊണ്ടുപോകുകയായിരുന്നു.

മുറിയിലെത്തിയതോടെ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം കുട്ടിയെ ബന്ദിയാക്കി. ശുഭം, പീയൂഷ്‌ എന്നീ സുഹൃത്തുക്കളും വിമലിനൊപ്പം ഉണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പിന്നീട്‌ ഒക്‌ടോബര്‍ 14-ന്‌ പെണ്‍കുട്ടിയെ വീടിനടുത്ത്‌ ഉപേക്ഷിച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പ്രതികള്‍ക്കെതിരേ കേസെടുത്തു. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നു പോലീസ്‌ പറഞ്ഞു.