Crime

ആളുപോയതറിഞ്ഞില്ല, അഡ്വ. ആളൂരിനെ കാണാനെത്തിയതെന്ന്‌ ബണ്ടി ചോര്‍, വിട്ടയച്ച്പോലീസ്‌

കൊച്ചി: കൊച്ചിയില്‍ കസ്‌റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്‌ടാവ്‌ ബണ്ടി ചോറിനെ വിട്ടയച്ചു. സംശയാസ്‌പദമായി ഒന്നുമില്ലെന്നും അതിനാലാണു വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത്‌ റെയില്‍വേ പോലീസ്‌ അറിയിച്ചു.

പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ അഡ്വ. ബി.എ. ആളൂരിന്റെ ഓഫീസിലേക്കാണു ബണ്ടി ചോര്‍ പോയത്‌. ഞായറാഴ്‌ച രാത്രി കസ്‌റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്നലെ വൈകിട്ടോടെയാണു വിട്ടയച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ അഭിഭാഷകന്‍ ആളൂരിനെ കാണാനാണു കൊച്ചിയില്‍ എത്തിയതെന്നാണു ബണ്ടി ചോര്‍ പോലീസിനോടു പറഞ്ഞത്‌. ആളൂര്‍ മരിച്ച വിവരം എറണാകുളത്ത്‌ എത്തിയതിനു ശേഷമാണ്‌ അറിഞ്ഞത്‌. ഇനിയെന്തു ചെയ്യുമെന്ന്‌ ആലോചിച്ചു റെയില്‍വേ സ്‌റ്റേഷനില്‍ ഇരിക്കുകയായിരുന്നുവെന്നും ദേവേന്ദര്‍ സിങ്‌ എന്ന ബണ്ടി ചോര്‍ പറഞ്ഞു.

ഞായറാഴ്‌ച രാത്രിയാണു ബണ്ടി ചോറിനെ എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെ കാത്തിരിപ്പു മുറിയില്‍നിന്നു പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. രാവിലെ മുതല്‍ ഇയാള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നുവെന്നു സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പോലീസ്‌ ഉറപ്പിച്ചു.
ബണ്ടി ചോര്‍ പറയുന്നതു പോലീസ്‌ ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നില്ല. തുടര്‍ന്നാണു സൗത്ത്‌ റെയില്‍വേ പോലീസിന്റെ കസ്‌റ്റഡിയില്‍ വച്ചത്‌. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനൊടുവിലാണിപ്പോള്‍ വിട്ടയച്ചത്‌.

ഹൈക്കോടതിയില്‍ നിയമപരമായ ആവശ്യത്തിന്‌ അഭിഭാഷകന്‍ ആളൂരിനെ കാണാന്‍ വന്നതാണെന്ന ബണ്ടി ചോറിന്റെ വിശദീകരണം സ്‌ഥിരീകരിച്ചശേഷമാണ്‌ വിട്ടയച്ചത്‌. നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്‌ ബണ്ടി ചോര്‍. പതിറ്റാണ്ടു മുമ്പ്‌ വളരെ പേടിയോടെ കേട്ട പേരാണു ബണ്ടി ചോറിന്റേത്‌. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ്‌ ഇയാള്‍ക്കു കേസുള്ളത്‌.

ഈ കേസുകളില്‍ ജാമ്യത്തിലാണ്‌. ഹൈക്കോടതി തനിക്ക്‌ അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നുവെന്നും ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയില്‍ശിക്ഷ അനുഭവിക്കുന്ന സമയത്തു തൃശൂര്‍ പോലീസ്‌ പിടിച്ചുവച്ചിരുന്നുവെന്നും അതു വിട്ടുനല്‍കാന്‍ ഹൈക്കോടതി തനിക്ക്‌ അനുകൂലമായ ഉത്തരവിട്ടിരുന്നുവെന്നുമാണു ബണ്ടി ചോര്‍ പറയുന്നത്‌.
പോലീസ്‌ പിടിച്ചെടുത്ത വസ്‌തുക്കള്‍ വിട്ടു കിട്ടണമെന്നാണ്‌ ആവശ്യം. രണ്ട്‌ ബാഗുകള്‍, 76,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വിട്ടു കിട്ടണമെന്നാണ്‌ ബണ്ടി ചോറിന്റെ ആവശ്യം.