Oddly News

“മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു എന്ന് ഡ്രൈവർ”; യുബർ യാത്രയ്ക്കിടയിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഉബർ യാത്രയ്ക്കിടെ ഡ്രൈവർ തന്റെ കൊലപാതക വിവരം വളരെ ലാഘവത്തോടെ വെളിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു തർക്കത്തിനിടെ സ്വന്തം അമ്മാവനെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്നു എന്നാണ് ഡ്രൈവർ യാത്രക്കാരിയോട് പറഞ്ഞത്. ഈ കുറ്റത്തിന് താൻ രണ്ട് വർഷം ജയിലിൽ കിടന്നിട്ടുണ്ടെന്നും ഇയാൾ സംഭാഷണത്തിനിടെ വെളിപ്പെടുത്തി.

വളരെ ഗൗരവമേറിയ ഒരു കാര്യം ഡ്രൈവർ പറയുമ്പോഴും യാതൊരു പരിഭ്രമവുമില്ലാതെ യാത്രക്കാരി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതിയുടെ ഈ ശാന്തത പ്രേക്ഷകരെ അമ്പരപ്പിച്ചു. വീഡിയോ വൈറലായതോടെ ഈ സംഭവം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഉബർ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ യുവതിയോട് ആവശ്യപ്പെട്ട കമ്പനി, ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിലെ പോരായ്മകളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്. തമാശയായും അല്ലാതെയും നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഡ്രൈവർ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം സത്യമാണെന്ന് വ്യക്തമല്ലെങ്കിലും, ടാക്സി സർവീസുകളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഈ സംഭവം വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു.